അവസാന അഞ്ച് ഓവറില്‍ 59 റണ്‍സ്! ജയ്സ്വാളിന് അര്‍ദ്ധ സെഞ്ച്വറി; ആർസിബിക്കെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ
ഐപിഎല്‍ 18-ാം സീസണിലെ 28-ാം മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 174 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 173 റണ്‍സെടുത്തത്. അര്‍ദ്ധ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളാണ് (75) രാജസ്ഥാന്റെ ടോപ് സ്കോറര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ സഞ്ജു സാംസണ്‍ – യശസ്വി ജയ്സ്വാള്‍ സഖ്യം ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. ജയ്സ്വാള്‍ ആക്രമണ രീതി സ്വീകരിച്ചപ്പോള്‍ സഞ്ജു കരുതലോടെയായിരുന്നു ബാറ്റ് വീശിയത്. പവര്‍പ്ലെയില്‍ ഇരുവരും ചേര്‍ന്ന് 45 റണ്‍സാണ് ചേര്‍ത്തത്. എന്നാല്‍ പവര്‍പ്ലെയ്ക്ക് പിന്നാലെയുള്ള ഓവറില്‍ സഞ്ജുവിനെ രാജസ്ഥാന് നഷ്ടമായി.
കൃണാല്‍ പാണ്ഡ്യയുടെ പന്തില്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി കുറ്റനടിക്ക് ശ്രമിച്ച സഞ്ജുവിന് പിഴച്ചു. ജിതേഷ് ശര്‍മയുടെ പിഴയ്ക്കാത്ത കൈകള്‍ സഞ്ജുവിനെ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. 19 പന്തില്‍ 15 റണ്‍സായിരുന്നു രാജസ്ഥാൻ നായകന്റെ സമ്പാദ്യം. സഞ്ജു മടങ്ങിയതിന് ശേഷം ക്രീസിലെത്തിയ റിയാൻ പരാഗും ജയ്സ്വാളും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചു.
സുയാഷ് ശര്‍മയുടെ പന്തില്‍ യാഷ് ദയാല്‍ പരാഗിനെ കൈവിട്ടതോടെ രാജസ്ഥാൻ മധ്യ ഓവറുകളില്‍ പിടിമുറുക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 56 റണ്‍സാണ് സഖ്യം ചേര്‍ത്തത്. ഇതിനിടെയില്‍ യശസ്വി ജയ്സ്വാള്‍ അര്‍ദ്ധ സെഞ്ചുറിയും നേടി. സീസണിലെ താരത്തിന്റെ രണ്ടാം അര്‍ദ്ധ ശതകമാണ് ജയ്പൂരില്‍ പിറന്നത്.
22 പന്തില്‍ 30 റണ്‍സെടുത്ത പരാഗിനെ കോലിയുടെ കൈകളിലെത്തിച്ച ദയാല്‍ തന്നെയാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്ന് ഫോറും ഒരു സിക്സും പരാഗിന്റെ ഇന്നിങ്സിലുള്‍പ്പെട്ടു. അര്‍ദ്ധ സെഞ്ചുറിക്ക് ശേഷം സ്കോറിങ്ങിന് വേഗം കൂട്ടിയ ജയ്സ്വാളിന് അധികനേരം ക്രീസില്‍ അതിജീവിക്കാനായില്ല. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ യുവതാരം വിക്കറ്റ് മുന്നില്‍ കുടുങ്ങി. 47 പന്തില്‍ 75 റണ്‍സായിരുന്നു ജയ്സ്വാള്‍ നേടിയത്. 10 ഫോറും രണ്ട് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.
23 പന്തില്‍ 35 റണ്‍സെടുത്ത ദ്രുവ് ജൂറലാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ഒൻപത് റണ്‍സെടുത്ത ഹെറ്റ്‌മയറിനെ അവസാന ഓവറിലായിരുന്നു രാജസ്ഥാന് നഷ്ടമായത്. ഭുവനേശ്വർ കുമാറാണ് വിക്കറ്റ് വീഴ്ത്തിയത്.