അറിയിപ്പിന് പിന്നാലെ സിദ്ദീഖ് കാപ്പന്‍റെ വീട്ടിൽ അര്‍ധരാത്രിയുള്ള പരിശോധന ഒഴിവാക്കി; വിശദീകരണവുമായി പൊലീസ്
മലപ്പുറം: യു.പി സർക്കാർ കേസെടുത്ത് ജയിലിലടച്ചിരുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ വീട്ടിൽ ഇന്നലെ അര്‍ധരാത്രി 12മണിക്കുശേഷം പരിശോധനക്ക് എത്തുമെന്ന് പൊലീസിന്‍റെ അറിയിപ്പ്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ രണ്ടു പൊലീസുകാർ മലപ്പുറം വേങ്ങരയിലെ വീട്ടിൽ എത്തിയാണ് ഇക്കാര്യം അറിയിച്ചത്.
വീട്ടിലേക്കുള്ള വഴിയും സിദ്ദീഖ് കാപ്പന്‍റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്ന് പറഞ്ഞെങ്കിലും പൊലീസ് രാത്രി പരിശോധനക്ക് എത്തിയില്ല. രാത്രിയിലുള്ള പരിശോധന സംബന്ധിച്ച വിവരം വാര്‍ത്തയായിരുന്നു. സുപ്രീം കോടതിയും ലഖ്നൗ ഹൈക്കോടതിയും കേസുകളിൽ ജാമ്യമനുവദിക്കുകയും സുപ്രീം കോടതി തന്നെ പിന്നീട് ജാമ്യവ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്ത് പ്രതികരിച്ചു.
രാത്രിയിൽ എന്തിനാണ് പൊലീസ് പരിശോധനക്ക് വരുന്നതെന്ന് അറിയില്ലെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. പതിവ് പരിശോധനയാണ് തീരുമാനിച്ചതെന്നാണ് പൊലീസിന്‍റെ വിശദീകരണം. പിന്നീട് അത് ഒഴിവാക്കിയെന്നും പൊലീസ് പറഞ്ഞു.