അപരാജിത കുതിപ്പ് തുടരാന്‍ ഡല്‍ഹി ക്യാപ്റ്റല്‍സ്; മുംബൈ ഇന്ത്യന്‍സിന്റെ ലക്ഷ്യം രണ്ടാം ജയം

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഡല്‍ഹിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ഒറ്റക്കളിയും തോല്‍ക്കാത്ത ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. മറുവശത്ത് മുംബൈ ഇന്ത്യന്‍സ് ജയിച്ചതാവട്ടെ ഒറ്റക്കളിയില്‍ മാത്രം. തുടര്‍ച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ട് ഡല്‍ഹി സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുമ്പോള്‍ രണ്ടാം ജയത്തിനായി മുംബൈ. ബാറ്റിംഗ് ബൗളിംഗ് നിരകള്‍ ഒരുപോലെ ശക്തം. 

കെ എല്‍ രാഹുല്‍ തകര്‍പ്പന്‍ ഫോമില്‍ ആയതോടെ സ്‌കോര്‍ ബോര്‍ഡിലേക്ക് അനായാസം റണ്‍സെത്തും. ഓള്‍റൗണ്ട് മികവുമായി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍. മിച്ചല്‍ സ്റ്റാര്‍ക്കും കുല്‍ദീപ് യാദവും മുകേഷ് കുമാറും ഏതൊരു ബാറ്റിംഗ് നിരയ്ക്കും വെല്ലുവിളി. ജസ്പ്രീത് ബുംറ തിരിച്ചെത്തിയ ആശ്വാസമുണ്ടെങ്കിലും മുംബൈയ്ക്ക് ഇതുവരെ സന്തുലിതമായൊരു ഇലവനെ കണ്ടെത്താനായിട്ടില്ല. ഓപ്പണിംഗ് കൂട്ടുകെട്ട് പ്രതിസന്ധിയായി തുടരുന്നു.

രോഹിത് ശര്‍മ്മ, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഫോമിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് മുംബൈ ക്യാംപ്. ബുമ്രയ്ക്കും ബോള്‍ട്ടിനും ക്യാപ്റ്റന്‍ ഹാദിക്കിനുമൊപ്പം ഇംപാക്ട് ബൗളറായി മലയാളി സ്പിന്നര്‍ വിഗ്‌നേഷ് പുത്തൂരും മുംബൈ നിരയിലെത്തും. നേര്‍ക്കുനേര്‍ പോരില്‍ മുന്നില്‍ മുംബൈ. 19 കളിയില്‍ മുംബൈയും പതിനാറ് കളിയില്‍ ഡല്‍ഹിയും ജയിച്ചു. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.

ഡല്‍ഹി ക്യാപിറ്റല്‍സ്: ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, മോഹിത് ശര്‍മ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, റയാന്‍ റിക്കിള്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര, വിഘ്‌നേഷ് പുര്‍ത്തൂര്‍.

By admin