സംരക്ഷിത വനമേഖലയെന്ന് വനംവകുപ്പ്; തൊടുപുഴ തൊമ്മൻകുത്തിൽ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റി, നിഷേധിച്ച് ഭാരവാഹികൾ

ഇടുക്കി: തൊടുപുഴ തൊമ്മൻകുത്തിൽ സെന്‍റ്. തോമസ് പള്ളി സ്ഥാപിച്ച കുരിശ് വനം വകുപ്പ് പൊളിച്ചുമാറ്റി. സംരക്ഷിത വനമേഖലയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വനം വകുപ്പ് നടപടി. എന്നാൽ പളളിയുടെ പേരിലുള്ള ഭൂമിയാണെന്നും കയ്യേറ്റമല്ലെന്നും പള്ളി ഭാരവാഹികൾ വിശദീകരിക്കുന്നു.

ഇടുക്കി തൊമ്മൻകുത്തിൽ നെയ്യശ്ശേരി – തേക്കുമ്പൻ റോഡിന് സമീപത്ത് സെന്റ് തോമസ് പള്ളി സ്ഥാപിച്ച കുരിശാണ് വനം വകുപ്പ് പൊളിച്ചുമാറ്റിയത്. സംരക്ഷിത വനമേഖലയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വനം വകുപ്പ് നടപടി. എന്നാൽ പളളിയുടെ പേരിലുള്ള ഭൂമിയാണെന്നും കയ്യേറ്റമല്ലെന്നും പളളി ഭാരവാഹികൾ വിശദീകരിക്കുന്നു

തൊമ്മൻകുത്തിൽ നിന്ന് ആനചാടിക്കുത്തിലേക്ക് പോകുംവഴിയാണ് റോഡരികിലുളള ഭൂമിയിൽ കുരിശ് സ്ഥാപിച്ചത്. വെളളിയാഴ്ച രാത്രിയോടെ പണി പൂർത്തിയായി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ, വനംവകുപ്പ് നടപടി തുടങ്ങി. വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുക്കാതെ, ശനിയാഴ്ച ഉച്ചയോടെ പൊളിച്ചു നീക്കി. ജോയിന്റ് വെരിഫിക്കേഷനിൽ ഇത് വനഭൂമിയാണെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെന്ന് വനം വകുപ്പ് വിശദീകരിക്കുന്നു. കുരിശ് സ്ഥാപിച്ചതിന് സെൻ. തോമസ് പള്ളി വികാരിക്കെതിരെയുൾപ്പെടെ കേസെടുക്കുമെന്ന് കാളിയാർ റേയ്ഞ്ച് ഓഫീസർ പറഞ്ഞു.

എന്നാൽ വനംവകുപ്പിന്റേത് അസാധാരണ നടപടിയെന്നാണ് വിശ്വാസികൾ പറയുന്നു. കാലാകാലങ്ങളായി പള്ളിയുടെ കൈവശമുളള സ്ഥലത്താണ് കുരിശ് സ്ഥാപിച്ചത്. ഭൂമിയുടെ മുഴുവൻ രേഖകളും എവിടെ വേണമെങ്കിലും ഹാജരാക്കും. വനംവകുപ്പ് നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങുമെന്ന് പളളി ഭാരവാഹികൾ പറഞ്ഞു. വനംവകുപ്പ് നടപടിക്കെതിരെ അടുത്ത ദിവസം ഇടവക അംഗങ്ങളുടെ യോഗം വിളിച്ച് തുടർ സമരം ശക്തമാക്കാനാണ് വിശ്വാസികളുടെ നീക്കം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin