ശ്രേയസിന്റേയും സ്‌റ്റോയിനിസിന്റേയും വെടിക്കെട്ട്! ഹൈദരാബാദിനെതിരെ പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍

ഹൈദരാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 246 റണ്‍സ് വിജയലക്ഷ്യം. ഹൈദരാബാദ്, രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് നേടിയത്. 36 പന്തില്‍ 82 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറര്‍. പ്രഭ്‌സിമ്രാന്‍ സിംഗ് 42 റണ്‍സെടുത്തു. ഹൈദരാബാദിന് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റെടുത്തു. നാല് ഓവറില്‍ 75 റണ്‍സ് വിട്ടുകൊടുത്ത മുഹമ്മദ് ഷമിക്ക് വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങിയത്. ഈഷാന്‍ മലിങ്ക ടീമിലെത്തി. കാമിന്ദു മെന്‍ഡിസാണ് പുറത്തായത്. പഞ്ചാബ് മാറ്റമൊന്നും വരുത്തിയിട്ടില്ല.

മികച്ച തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പ്രിയാന്‍ഷ് ആര്യ (13 പന്തില്‍ 36) – പ്രഭ്‌സിമ്രാന്‍ സഖ്യം 66 റണ്‍സ് ചേര്‍ത്തു. എന്നാല്‍ നാലാം ഓവറിന്റെ അവസാന പന്തില്‍ പ്രിയാന്‍ഷിനെ പുറത്താക്കി ഹര്‍ഷല്‍ പട്ടേല്‍ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. നാല് സിക്‌സും രണ്ട് ഫറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നീട് ശ്രേയസിനൊപ്പം 25 റണ്‍സ് കൂട്ടിചേര്‍ത്ത് പ്രഭ്‌സിമ്രാനും പവലിയനില്‍ തിരിച്ചെത്തി.

തുടര്‍ന്നെത്തിയ നെഹല്‍ വധേര (22 പന്തില്‍ 27) ശ്രേയസിന് ഒരറ്റത്ത് പിന്തുണ നല്‍കി. 73 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ 14 ഓവറില്‍ വധേര മടങ്ങി. തുടര്‍ന്നെത്തിയ ശശാങ്ക് സിംഗ് (2), ഗ്ലെന്‍ മാക്‌സ്‌വെല്‍ (3) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മാത്രമല്ല സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ശ്രേയസും തിരിച്ചുകയറി. ആറ് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ മടങ്ങിയെങ്കിലും മാര്‍കസ് സ്‌റ്റോയിനിസ് (11 പന്തില്‍ 34) പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. മുഹമ്മദ് ഷമിയെറിഞ്ഞ അവസാന ഓവറില്‍ നാല് സിക്‌സുകളാണ് സ്‌റ്റോനിസ് പായിച്ചത്. സ്റ്റോയിനിസിനൊപ്പം മാര്‍കോ ജാന്‍സന്‍ (5) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

പഞ്ചാബ് കിംഗ്സ്: പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയിനിസ്, നെഹാല്‍ വധേര, ഗ്ലെന്‍ മാക്സ്വെല്‍, ശശാങ്ക് സിംഗ്, മാര്‍ക്കോ ജാന്‍സെന്‍, അര്‍ഷ്ദീപ് സിംഗ്, ലോക്കി ഫെര്‍ഗൂസണ്‍, യുസ്വേന്ദ്ര ചാഹല്‍.

ഇംപാക്ട് സബ്സ്: സൂര്യാന്‍ഷ് ഷെഡ്ഗെ, യാഷ് താക്കൂര്‍, പ്രവീണ്‍ ദുബെ, വൈശാക് വിജയകുമാര്‍, ഹര്‍പ്രീത് ബ്രാര്‍

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, സീഷന്‍ അന്‍സാരി, മുഹമ്മദ് ഷമി, ഇഷാന്‍ മലിംഗ. 

ഇംപാക്ട് സബ്‌സ്: അഭിനവ് മനോഹര്‍, സച്ചിന്‍ ബേബി, രാഹുല്‍ ചാഹര്‍, വിയാന്‍ മള്‍ഡര്‍, ജയ്‌ദേവ് ഉനദ്കട്ട്.

By admin