വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വരനും വധുവിന്റെ അമ്മയും ഒളിച്ചോടി; വീട്ടിലെ സ്വർണവും പണവും കൊണ്ടുപോയി
അലിഗഡ്: വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ രണ്ട് കുടുംബങ്ങളെയും ഞെട്ടിച്ച് വധുവിന്റെ അമ്മ വരനൊപ്പം ഒളിച്ചോടി. വിവാഹത്തിന് ഒരുക്കങ്ങളെല്ലാം ഏതാണ്ട് പൂർത്തിയാക്കുകയും എല്ലാവരെയും ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്ത ശേഷമാണ് വരനും വധുവിന്റെ അമ്മയും മുങ്ങിയത്. ഉത്തർപ്രദേശിലെ അലിഗഡിലാണ് ഈ സംഭവം. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വീട്ടിൽ വിവാഹത്തിനായി വാങ്ങി വെച്ചിരുന്ന സ്വർണവും കരുതിവെച്ചിരുന്ന പണവും എടുത്താണ് വധുവിന്റെ അമ്മ വരനൊപ്പം പോയത്. മൂന്നര ലക്ഷത്തിലധികം രൂപ പണമായും അഞ്ച് ലക്ഷം രൂപയുടെ സ്വർണവും വീട്ടിലുണ്ടായിരുന്നു. ഇതിൽ നിന്ന് 10 രൂപ പോലും ബാക്കിവെച്ചിട്ടില്ലെന്നും വിവാഹിതയാവേണ്ടിയിരുന്ന മകൾ പറഞ്ഞു. അമ്മയ്ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്തോട്ടെയെന്നും എന്നാൽ തങ്ങളുടെ സ്വർണവും പണവും തിരികെ കിട്ടണമെന്നുമാണ് മകൾ അഭിപ്രായപ്പെട്ടത്.
ബംഗളുരുവിൽ ബിസിനസ് നടത്തുന്ന ജിതേന്ദ്ര കുമാറിന്റെയും അനിതയുടെയും മകൾ ശിവാനിയും രാഹുലും തമ്മിലുള്ള വിവാഹം ഈ വരുന്ന 16നാണ് നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അമ്മയും രാഹുലും തമ്മിൽ എപ്പോഴും സംസാരമായിരുന്നെന്ന് ശിവാനി പറഞ്ഞു. തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്യുമായിരുന്നില്ല. എപ്പോഴും അമ്മയെ മാത്രമായിരിക്കും വിളിക്കുന്നതെന്നും ശിവാനി പറഞ്ഞു. തന്റെ ഭാര്യയുമായി രാഹുൽ എപ്പോഴും സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും എന്നാൽ അടുത്തുതന്നെ വിവാഹം നടക്കാനിരുന്നതിനാൽ അതേക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും ശിവാനിയുടെ പിതാവ് പറഞ്ഞു. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് അദ്ദേഹം പൊലീസിൽ പരാതി നൽകിയിരിക്കുകയാണിപ്പോൾ.
ദിവസം 22 മണിക്കൂറൊക്കെ രാഹുൽ തന്റെ ഭാര്യയുമായി ഫോണിൽ സംസാരിക്കുമായിരുന്നു എന്നാണ് ശിവാനിയുടെ അച്ഛൻ പറയുന്നത്. സംശയം തോന്നിയെങ്കിലും ഉടന വിവാഹം നടക്കാനുള്ളതിയതിനാൽ താൻ പ്രശ്നമുണ്ടാക്കാൻ പോയില്ല. രാഹുലുമായി ഒളിച്ചോടിപ്പോയ ശേഷം പല തവണ താൻ ഭാര്യയെ വിളിച്ചുനോക്കിയെങ്കിലും ഫോൺ എടുത്തില്ല. രാഹുലിനെ വിളിച്ചപ്പോൾ ആദ്യമൊന്നും ശിവാനിയുടെ അമ്മ ഒപ്പമുണ്ടെന്ന് അംഗീകരിക്കാൻ അയാൾ തയ്യാറായില്ല. പിന്നീടാണ് ‘താങ്കൾ 20 വർഷമായി അവരെ ബുദ്ധിമുട്ടിക്കുന്നെന്നും ഇനി അവരെ മറന്നേക്കൂ’ എന്നും രാഹുൽ പറഞ്ഞത്. അതിന് ശേഷം ഇരുവരുടെയും ഫോൺ ഓഫാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.