ലക്ഷങ്ങൾ മുടക്കി മന്ത്രവാദം നടത്തിയിട്ടും ഫലം കിട്ടിയില്ല, പണവും പോയി; ഒടുവിൽ സിദ്ധനെ തട്ടിക്കൊണ്ടുപോയി
പാലക്കാട്: മണ്ണാർക്കാട് വിയ്യക്കുർശ്ശി സ്വദേശിയായ സിദ്ധനെ തട്ടിക്കൊണ്ടു പോയ കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴനാട് വെല്ലൂർ സ്വദേശി ലോകനാഥൻ, കൂടലൂർ സ്വദേശി ശിവകുമാർ എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
മണ്ണാർക്കാട് വിയ്യക്കുർശ്ശി കൊറ്റിയോട് കുറ്റിക്കാട്ടിൽ ഹബീബിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോകൽ വെളിച്ചത്തായത്. മന്ത്രവാദത്തിന്റെ മറവിൽ പ്രതികളുടെ കയ്യിൽ നിന്ന് വൻതുക ഹബീബ് കൈക്കലാക്കിയിരുന്നു. മന്ത്രവാദം ഫലിച്ചില്ലെന്ന് പറഞ്ഞ് പ്രതികൾ പണം തിരികെ ആവശ്യപ്പെട്ടു. പലതവണയായി ലക്ഷങ്ങൾ കൈക്കലാക്കിയെന്നാണ് പ്രതികൾ പൊലീസിനു നൽകിയ മൊഴി.
ഈ തുക പലതണ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്ന് മന്ത്രവാദം ചെയ്യാനുണ്ടെന്ന് പറഞ്ഞ് ഹബീബിനെ വിളിച്ചു വരുത്തി പ്രതികളുടെ വീട്ടിൽ തടങ്കലിൽ വയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജോലിയുടെ ആവശ്യത്തിനായി പാലക്കാട്ടേക്ക് പോയ ഹബീബിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ എസ്ഐ എ.കെ.ശ്രീജിത്തും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളുടെ വീട്ടിൽ നിന്ന് ഹബീബിനെ മോചിപ്പിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.