മൂന്ന് കൂറ്റികള്‍ നാട്ടി, മടല്‍വെട്ടി റബ്ബര്‍ പന്ത് പിരിവിട്ട് വാങ്ങി സച്ചിനും സെവാഗുമൊക്കെയായ കാലം!

നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം:  submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.

 

ണവും വിഷുവും ക്രിസ്മസും പോലെ ഒരു ഉത്സവ ബഹളമാണ് വാര്‍ഷിക പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലവും. കൊഴിഞ്ഞു പോയ അവധിക്കാല ഓര്‍മ്മകള്‍ മനസ്സില്‍ തകിലു കൊട്ടിയങ്ങനെ താളം പിടിക്കുകയാണ്. 
 
വാര്‍ഷിക പരീക്ഷ ഓര്‍മ്മകളില്‍, അവസാനത്തെ പരീക്ഷ ദിനം മാത്രമാണ്, അന്നത്തെ അവധിക്കാല വേനല്‍ മാധുര്യങ്ങളുടെ കൊടിയേറ്റത്തിന് ശംഖൊലി മുഴക്കുന്നത്!

ഉച്ച നേരം പരീക്ഷ കഴിഞ്ഞ് വന്ന് റൈറ്റിംഗ് ബോര്‍ഡ് ഉള്‍പ്പെടുന്ന സഞ്ചിയോ ബാഗോ ഏതെങ്കിലുമൊരു മൂലയില്‍ പ്രതിഷ്ഠിച്ച്, അമ്മയുടെ കയ്യില്‍ നിന്ന് കഞ്ഞി വെള്ളവും വാങ്ങി കുടിച്ച് അടുത്ത വീട്ടിലെക്ക് ഒറ്റയോട്ടമാണ്. സ്വന്തമായി ടിവിയില്ലാത്ത വീടുകളിലെ പിള്ളേര്‍ക്ക് ഈ ഓട്ടം സുപരിചിതമാണെന്നതാണ് വാസ്തവം. 

ഉച്ചയൂണിന് അമ്മ വിളിച്ച് കൂവാറുണ്ടെങ്കിലും ടിവിയുള്ള വീട്ടിലെ ഊണിനും തരക്കേടില്ലാത്ത സ്‌നേഹ രുചിയാണെന്നതും വാസ്തവമായിരുന്നു. പിന്നെയുള്ള ദിവസങ്ങള്‍ അടുത്തുള്ള പിള്ളേര് സെറ്റെല്ലാം കൂടിയുള്ള വിവിധതരം നാടന്‍ കളികളുടെ തിരക്കുകൂട്ടലാണ്. അതില്‍ പെണ്‍കുട്ടികള്‍ വേറെ ഒരു സെറ്റ്, ആണ്‍കുട്ടികള്‍ വേറെ സെറ്റ്. ആണ്‍ കുട്ടികള്‍ പലപ്പോഴും കായിക വിനോദങ്ങളിലാണ് മുഴുകാറ്. എന്നാലും രണ്ടുകൂട്ടരും ചേര്‍ന്നുള്ള സാറ്റ് കളിയും കുന്തിക്കളിയും കഞ്ഞിയും കറിയും തുടങ്ങി പലതരം കളികളും ഉണ്ടാവാറുണ്ട്, അങ്ങനെ അവധിക്കാലത്തിന്‍റെ ആദ്യ ആഴ്ചകള്‍ പിന്നിടുമ്പോഴേക്കും പലരും ബന്ധു വീടുകളിലേക്കുള്ള യാത്രയുടെ തിരക്കിലായിരിക്കും! 

അച്ഛാച്ചനും അമ്മാമ്മയും വല്യമ്മയും വല്യച്ഛനും മാമിയും മാമനും അങ്ങനെ പല തരത്തിലാവും ബന്ധുക്കള്‍. അകലെയെവിടെയെക്കെയോ ആവും അവരുടെ താമസം. കുടുംബവുമൊത്ത് അവിടേക്കുള്ള യാത്രയിലെ കാഴ്ച്ചകളും പച്ചപ്പും അവധിക്കാല ദിനങ്ങളിലെ മായാത്തൊരു ഏടാണ്. 

ബന്ധു വീടുകളില്‍ നിന്നാണ് സിറ്റിക്കുള്ളിലെ തിരക്കെറിയ എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ സര്‍ക്കസ് കാണാന്‍ പോകുക. സിനിമ കൊട്ടകയില്‍ പോവുന്നതും അവിടന്നാണ്.  ഗ്രാമങ്ങളിലെ ബന്ധു വീടുകളിലേക്ക് പോകുന്നവര്‍ക്ക് ഗ്രാമാന്തരീക്ഷത്തിലെ തോടും പുഴയും നിറഞ്ഞ ലോകത്തേക്കുള്ള വാതിലാവും അവധിക്കാലം. 

പത്താം തരമെത്തുമ്പോള്‍ അവധിക്കാല ദിനങ്ങളിലെ ടൈംടേബിളിന് വലിയ വ്യത്യാസം വന്ന് തുടങ്ങിയിട്ടുണ്ടാകും, കാരണം, വീട്ടില്‍ ടെലിവിഷന്‍ അവതരിച്ചിട്ടുണ്ടാകും എന്നത് തന്നെ. കുറെ മുമ്പേ ടിവി കാണാന്‍ അപ്പുറത്തെ വീട്ടിലേക്ക് ഓടിയിരുന്ന ബാല്യം ഇന്ന് സ്വന്തം ടെലിവിഷന്‍ പെട്ടിയിലെ ക്രിക്കറ്റിലോ ഫുട്‌ബോളിലോ സിനിമയിലോ ലയിച്ചിരിപ്പുണ്ടാകും. 

കൊയ്യ്ത്ത് കഴിഞ്ഞ പാടത്ത്, വയലോല കുരുവികളെയും വലയിലാക്കി, തോട്ടിന്‍ കരയിലിരുന്ന് മാനത്ത് കണ്ണിയെയും പിടിച്ച്, പിന്നെ മൂന്ന് കൂറ്റികള്‍ നാട്ടി, മടല്‍വെട്ടി റബ്ബര്‍ പന്ത് പിരിവിട്ട് വാങ്ങി സച്ചിനും സെവാഗുമൊക്കെയായി സ്വയം നിനച്ച് വയലേലകളില്‍ ആടി തിമിര്‍ത്ത കാലമാണ് അവധിക്കാലങ്ങളില്‍ കടന്ന് പോയത്… ! 

 

ഓര്‍മ്മകളില്‍ ഒരു അവധിക്കാലം മറ്റ് ലക്കങ്ങൾ വായിക്കാം.

 

By admin