മാസത്തിൽ ആറ് ദിവസം ഒരു മിനിറ്റ് മുമ്പ് ഇറങ്ങിയതിന് യുവതിയെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു; ട്വിസ്റ്റ്
മാസത്തിൽ ആറ് ദിവസം ഒരു മിനിറ്റ് നേരത്തെ ജോലി സ്ഥലത്ത് നിന്ന് ഇറങ്ങിയതിന് ചൈനീസ് യുവതിയെ തൊഴിലുടമ പിരിച്ചുവിട്ട സംഭവത്തിൽ കോടതിയുടെ ഇടപെടൽ. ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഗ്വാങ്‌ഷോയിൽ ആസ്ഥാനമായുള്ള കമ്പനിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഇവിടുത്തെ ജീവനക്കാരിയായ വാങ് എന്ന യുവതിയാണ് തന്നെ അന്യായമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടുവെന്ന പരാതിയുമായി കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി കമ്പനിയുടെ നടപടി അന്യായമാണെന്നും ജീവനക്കാരിയെ നിയമവിരുദ്ധമായി ജോലിസ്ഥലത്ത് നിന്നും പിരിച്ചു വിട്ടതിന് തൊഴിലുടമ നഷ്ടപരിഹാരം നൽകണമെന്നും വിധിച്ചു. എന്നാ,ൽ നഷ്ടപരിഹാരത്തുക എത്രയാണെന്ന് വ്യക്തമല്ല.
മൂന്ന് വർഷമായി ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന തനിക്ക് മികച്ച പ്രകടന റെക്കോർഡ് ഉണ്ടെന്നാണ് വാങ് അവകാശപ്പെടുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കഴിഞ്ഞ വർഷത്തിന്‍റെ അവസാനത്തോടെ ആയിരുന്നു വാങ് ജോലി ചെയ്തിരുന്ന വിഭാഗത്തിന്‍റെ മാനേജർ ഇവർ മാസത്തിൽ ആറ് തവണ ഒരു മിനിറ്റ് നേരത്തെ ജോലി സ്ഥലത്ത് നിന്നും ഇറങ്ങിയതിന് തെളിവുകൾ ഇവരെ കാണിച്ചത്. തുടർന്ന് ഈ വർഷം ആദ്യത്തോടെ അതിന്‍റെ പേരിൽ വാങിനെ ജോലിയിൽ നിന്നും പിരിച്ച് വിടുകയും ചെയ്തു.
തന്നെ ജോലിയിൽ നിന്നും പിരിച്ച് വിട്ട കമ്പനിയുടെ നടപടി അന്യായമാണ് എന്ന് ആരോപിച്ചാണ് വാങ് പ്രാദേശിക തൊഴിൽ അവകാശ അതോറിറ്റിയിൽ പരാതി നൽകിയത്. ഒപ്പം കമ്പനിക്കെതിരെ കേസ് നൽകുകയും ചെയ്തു. ഒരു താക്കീത് പോലും നൽകാതെ ജോലിയിൽ നിന്നും ഇവരെ അതിവേഗത്തിൽ പിരിച്ചുവിട്ട കമ്പനിയുടെ നടപടി അന്യായമാണെന്നും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവം ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയായതോടെ കമ്പനിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.