മറ്റൊരു സ്ത്രീയുമായി ബന്ധം, മദ്യലഹരിയിൽ അതിക്രമം; ചോദ്യം ചെയ്ത ഭാര്യയെ കൊന്ന് കുഴിച്ചുമൂടി, യുവാവ് പിടിയിൽ

മഥുര: ഉത്തര്‍ പ്രദേശിലെ മഥുരയില്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. മദ്യലഹരിയില്‍ ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് വിജയ് എന്നയാള്‍ ക്രൂരമായ കൊല നടത്തിയത്. കൊല്ലപ്പെട്ട രേഖയുടെ സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

സുഖ്ദേവ്പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. വിജയ്ക്ക് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇരുവരും ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നെന്നും ഇത് ഇയാളുടെ ഭാര്യ എതിര്‍ത്തിരുന്നതായും പൊലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി ഇരുവരും ഈ വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും തര്‍ക്കം ഉണ്ടായി. തര്‍ക്കത്തെ തുടര്‍ന്ന് ടെറസില്‍ നിന്ന് വിജയ് ഭാര്യ രേഖയെ തള്ളി താഴെയിടുകയായിരുന്നു. വീണയുടനെ രേഖ മരിച്ചു. തുടര്‍ന്ന് അടുത്തുള്ള വയലിലേക്ക് വിജയ് മൃതദേഹം വലിച്ചുകൊണ്ടുപോയി കുഴിച്ചിടുകയായിരുന്നു. 

സംഭവം നടന്ന് പിറ്റേ ദിവസം ഒന്നും സംഭവിക്കാത്തതുപോലെയാണ് വിജയ് ഭാവിച്ചത്. രേഖയെ വീട്ടില്‍ കാണാനില്ലെന്ന് മനസിലാക്കിയ വിജയുടെ അച്ഛന്‍ കാര്യം അന്വേഷിച്ചു. അപ്പോള്‍ രേഖ മരിച്ചെന്നും അടുത്തുള്ള പാടത്ത് കുഴിച്ചിട്ടെന്നും വിജയ് മറുപടി പറഞ്ഞു. തുടര്‍ന്ന് രേഖയുടെ സഹോദരന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വിജയിയെ ചോദ്യം ചെയ്യുകയും വെള്ളിയാഴ്ച വയലില്‍ നിന്ന് രേഖയുടെ ബോഡി പുറത്തെടുക്കുകയും ചെയ്തു. 

വിജയ്ക്കും സഹോദരങ്ങളായ രാജ്കുമാര്‍, കമല്‍, ദിനേശ് എന്നിവര്‍ക്കെതിരെയും മാതാപിതാക്കള്‍ക്കെതിരേയും രേഖയുടെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ വിജയിയെ അറസ്റ്റ് ചെയ്തെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

Read More:ഡ്രൈവിങ് സ്‌കൂളുകളിൽ നിന്ന് സമാഹരിച്ച് ഉദ്യോഗസ്ഥർക്ക് പണം നൽകും, 50,900 കൈമാറനെത്തിയ ജീവനക്കാരന്‍ പിടിയില്‍
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin