മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി ധോണി; ഐപിഎല്ലിലെ ഏറ്റവും പ്രായമേറിയ ക്യാപ്റ്റൻ
ചെന്നൈ: ഐപിഎല്ലിൽ മറ്റൊരു റെക്കോർഡ് സ്വന്തമാക്കി എം എസ് ധോണി. ഐപിഎല്ലിൽ ക്യാപ്റ്റനാവുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കോർഡാണ് 43കാരനായ ധോണി സ്വന്തമാക്കിയത്. പരിക്കേറ്റ് പുറത്തായ റുതുരാജ് ഗെയ്ക്വാദിന് പകരം 43 വയസ്സും 278 ദിവസവും പ്രായമുള്ളപ്പോഴാണ് ധോണി നായകനായത്.
41 വയസും 249 ദിവസവും പ്രായമുള്ളപ്പോൾ നായകനായ രാജസ്ഥാൻ റോയൽസിന്റെ മുൻനായകൻ ഷെയ്ൻ വോണിന്റെ റെക്കോർഡാണ് ധോണി മറികടന്നത്. കൊൽക്കത്തയ്ക്കെതിരെ ഒൻപതാമനായി ക്രീസിലെത്തിയ ധോണിക്ക് ഒരു റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മത്സരം കൊൽക്കത്ത 8 വിക്കറ്റിന് വിജയിക്കുകയും ചെയ്തു. 6 മത്സരങ്ങളിൽ ഒരേയൊരു ജയം മാത്രം നേടിയ ചെന്നൈ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.
ഒരു ഐപിഎൽ ടീമിനെ നയിക്കുന്ന ആദ്യ അൺക്യാപ്പ്ഡ് പ്ലെയര്‍ എന്ന റെക്കോര്‍ഡും ധോണി സ്വന്തമാക്കിയിരുന്നു. ഐപിഎൽ നിയമപ്രകാരം, 5 വർഷമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാത്ത ഒരു കളിക്കാരനെയാണ് അൺക്യാപ്പ്ഡ് പ്ലെയറായി കണക്കാക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി 90 ടെസ്റ്റുകളും 350 ഏകദിനങ്ങളും 98 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ധോണി ഈ സീസണിൽ അൺക്യാപ്പ്ഡ് പ്ലെയറായാണ് ഇറങ്ങിയത്. 212 മത്സരങ്ങളിൽ ചെന്നൈയെ നയിച്ച ധോണി 128 വിജയങ്ങളാണ് ടീമിന് സമ്മാനിച്ചത്. ധോണിയ്ക്ക് കീഴിൽ ചെന്നൈ 5 ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുണ്ട്.
READ MORE: തിരിച്ചുവരവ് ലക്ഷ്യമിട്ട് സൺറൈസേഴ്സ് ഇന്നിറങ്ങും; എതിരാളികൾ പഞ്ചാബ് കിംഗ്സ്