പൊട്ടിപ്പിരിപ്പിച്ച് മരണമാസ്, മമ്മൂട്ടിപ്പടത്തോട് ഏറ്റുമുട്ടി ചിത്രം ആകെ നേടിയത് അമ്പരപ്പിക്കുന്ന തുക

തീയേറ്ററിനുള്ളിലെ നിലക്കാത്ത പൊട്ടിച്ചിരിയുമായി മരണമാസ് നാലാം ദിവസത്തിലേക്ക്. കുടുംബ പ്രേക്ഷകരും കുട്ടികളും ഏറ്റെടുത്തിരിക്കുന്ന ചിത്രം വിഷു റിലീസായാണ് തീയേറ്ററുകളിലെത്തിയിരിക്കുന്നത്. അവധിക്കാലം ലക്ഷ്യമിട്ട് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയ ചിത്രം ഒരു ഫൺ കോമിക് കാരിക്കേച്ചർ രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ബേസില്‍ ജോസഫ് വീണ്ടും ഹിറ്റടിച്ചിരിക്കുകയാണ്.

ടോവിനോ തോമസ് നിർമ്മിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്‍ത ചിത്രത്തിന്റെ കളക്ഷൻ ദിനംപ്രതി കൂടിവരികയാണ്. ഓപ്പണിംഗില്‍ 1.1 കോടിയായിരുന്നു നെറ്റ് കളക്ഷനായി മരണമാസ് നേടിയത്. ചിത്രം രണ്ടാം ദിവസമാകുമ്പോള്‍ 2.72 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ബേസിൽ ജോസഫ്, സുരേഷ് കൃഷ്‍ണ, രാജേഷ് മാധവൻ, സിജു സണ്ണി, പ്രശാന്ത്, പൂജ, അനിഷ്‍മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വന്നിട്ടുള്ളത്.

സിറ്റുവേഷണല്‍ കോമഡികളുടെ രസച്ചരടില്‍ കോര്‍ത്തൊരുക്കിയതാണ് മരണമാസ്. ഒരൊറ്റ കഥാപാത്രത്തിന്റെ നിറഞ്ഞാട്ടത്തില്‍ പൊട്ടിത്തീരുന്ന ചിരികളല്ല മരണമാസ്സില്‍ എന്നതും പ്രത്യേകതയാണ്. ഓരോ കഥാപാത്രത്തെയും രസകരമായും ബുദ്ധിപൂര്‍വമായും ഉയോഗിക്കുക വഴിയാണ് മരണമാസ്സിന്റെ ആകെത്തുക എന്റര്‍ടെയ്‍ൻമെന്റായി തീരുന്നത്. അതിനാവശ്യമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ഉടനീളമുണ്ട്. ഡാര്‍ക്ക് കോമഡിയുടെ ചരട് പിടിച്ചാണ് സംവിധായകൻ ശിവപ്രസാദ് മരണമാസ് ഒരുക്കിയിരിക്കുന്നത്. സ്‍പൂഫിന്റെ സാധ്യതകളും ധാരാളിത്തത്തോടെ ഉപയോഗിച്ചിട്ടുണ്ട് സിജു സണ്ണിയോടൊപ്പം തിരക്കഥാകൃത്തുമായ ശിവപ്രസാദ്. പുതുതലമുറ പ്രേക്ഷകരില്‍ ചിരിപടര്‍ത്തുന്ന ശൈലികളും പ്രയോഗങ്ങളും സംഭാഷണങ്ങളും ചിത്രത്തില്‍ കൌശലപൂര്‍വം ഇണക്കിച്ചേര്‍ത്തിട്ടുമുണ്ട് ഇരുവരും. എന്തായാലും വിഷു ചിരിച്ചാഘോഷിക്കാൻ കുടുംബസമേതം ടിക്കറ്റെടുക്കാം, ബേസിലിന്റെ മരണമാസ്സിന്.

വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. നീരജ് രവി ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

പൊന്നുപോലെയാണ് കൊണ്ടുനടക്കുന്നത്; പുതിയ വാഹനത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് റബേക്ക സന്തോഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin