തുരുതുരാ സിക്‌സും ഫോറും, അഭിഷേകിന് അതിവേഗ സെഞ്ചുറി! പഞ്ചാബിന്റെ 245 മറികടന്ന് ഹൈദരാബാദ്
ഹൈദരാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ 246 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. നേരത്തെ, ഹൈദരാബാദ് രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തി വിജയലക്ഷ്യം 18.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അഭിഷേക് ശര്‍മയുടെ (55 പന്തില്‍ 141) സെഞ്ചുറിയാണ് ഹൈദരാബാദിനെ കൂറ്റന്‍ വിജയത്തിലേക്ക് നയിച്ചത്. ഐപിഎല്ലില്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത്. ട്രാവിസ് ഹെഡ് (37 പന്തില്‍ 66) മികച്ച പ്രകടനം പുറത്തെടുത്തു. ഹെന്റിച്ച് ക്ലാസന്‍ () പുറത്താവാതെ നിന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് നേടിയത്. 36 പന്തില്‍ 82 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറര്‍. പ്രഭ്‌സിമ്രാന്‍ സിംഗ് 42 റണ്‍സെടുത്തു. ഹൈദരാബാദിന് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റെടുത്തു.
ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ തന്നെ ഹൈദരാബാദ് വിജയം ഉറപ്പിച്ചിരുന്നു. 171 റണ്‍സാണ് ഹെഡ് – അഭിഷേക് ഓപ്പണിംഗ് സഖ്യം ചേര്‍ത്തത്. 13-ാം ഓവറില്‍ മാത്രമാണ് കൂട്ടുകെട്ട് പൊളിയുന്നത്. അപ്പോഴേക്കും ഹൈദരാബാദ് വിജയത്തിലേക്ക് നടന്നുതുടങ്ങിയിരുന്നു. 37 പന്തുകള്‍ നേരിട്ട ഹെഡ് മൂന്ന് സിക്‌സും ഒമ്പത് ഫോറും നേടി. പിന്നീട് ക്ലാസനെ കൂട്ടു പിടിച്ച് അഭിഷേക് ടീമിനെ വിജയത്തിനടുത്ത് എത്തിച്ചു. എന്നാല്‍ വിജയത്തിന് 24 റണ്‍സകലെ അഭിഷേക് വീണു. അര്‍ഷ്ദീപ് സിംഗിനായിരുന്നു വിക്കറ്റ്. 55 പന്തുകള്‍ മാത്രം നേരിട്ട താരം 10 സിക്‌സും 14 ഫോറുമാണ് നേടിയത്. അഭിഷേക് മടങ്ങിയെങ്കിലും ഇഷാന്‍ കിഷനെ (9) കൂട്ടുപിടിച്ച് ക്ലാസന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, മികച്ച തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പ്രിയാന്‍ഷ് ആര്യ (13 പന്തില്‍ 36) – പ്രഭ്‌സിമ്രാന്‍ സഖ്യം 66 റണ്‍സ് ചേര്‍ത്തു. എന്നാല്‍ നാലാം ഓവറിന്റെ അവസാന പന്തില്‍ പ്രിയാന്‍ഷിനെ പുറത്താക്കി ഹര്‍ഷല്‍ പട്ടേല്‍ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. നാല് സിക്‌സും രണ്ട് ഫറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നീട് ശ്രേയസിനൊപ്പം 25 റണ്‍സ് കൂട്ടിചേര്‍ത്ത് പ്രഭ്‌സിമ്രാനും പവലിയനില്‍ തിരിച്ചെത്തി.
തുടര്‍ന്നെത്തിയ നെഹല്‍ വധേര (22 പന്തില്‍ 27) ശ്രേയസിന് ഒരറ്റത്ത് പിന്തുണ നല്‍കി. 73 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ 14 ഓവറില്‍ വധേര മടങ്ങി. തുടര്‍ന്നെത്തിയ ശശാങ്ക് സിംഗ് (2), ഗ്ലെന്‍ മാക്‌സ്‌വെല്‍ (3) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മാത്രമല്ല സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ശ്രേയസും തിരിച്ചുകയറി. ആറ് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ മടങ്ങിയെങ്കിലും മാര്‍കസ് സ്‌റ്റോയിനിസ് (11 പന്തില്‍ 34) പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. മുഹമ്മദ് ഷമിയെറിഞ്ഞ അവസാന ഓവറില്‍ നാല് സിക്‌സുകളാണ് സ്‌റ്റോനിസ് പായിച്ചത്. സ്റ്റോയിനിസിനൊപ്പം മാര്‍കോ ജാന്‍സന്‍ (5) പുറത്താവാതെ നിന്നു. നാല് ഓവറില്‍ 75 റണ്‍സ് വിട്ടുകൊടുത്ത മുഹമ്മദ് ഷമിക്ക് വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല.