ചന്ദ്രനിൽ ഉപേക്ഷിച്ച 96 ബാഗ് മനുഷ്യ വിസർജ്യം ഉപയോഗ യോഗ്യമാക്കാമോ, ചലഞ്ചുമായി നാസ, 25 കോടി രൂപ സമ്മാനം
വാഷിങ്ടൺ: നാസയുടെ അപ്പോളോ ദൗത്യങ്ങളിലെ ബഹിരാകാശയാത്രികർ ചന്ദ്രനിൽ ഉപേക്ഷിച്ച 96 ബാഗ് മനുഷ്യ വിസർജ്യമടങ്ങിയ മാലിന്യം ഉപയോഗയോഗ്യമായ വസ്തുക്കളാക്കി മാറ്റുന്നതിന് വൻ തുക വാഗ്ദാനം ചെയ്ത് നാസ. 50 വർഷങ്ങൾക്ക് ശേഷമാണ് നാസ ഇത്തരമൊരു വാഗ്ദാനവുമായി രംഗത്തെത്തിയത്. ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങളായ മലം, മൂത്രം, ഛർദ്ദി എന്നിവയെ വെള്ളം, ഊർജ്ജം, വളം പോലുള്ള വസ്തുക്കളാക്കി മാറ്റുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ കഴിയുന്ന വ്യക്തികൾക്കോ സംഘത്തിനോ 3 മില്യൺ ഡോളറാണ് (25.82 കോടി രൂപ) സമ്മാനം വാഗ്ദാനം ചെയ്തത്. ലൂണ റീസൈക്കിൾ ചലഞ്ച് എന്നാണ് പദ്ധതിക്ക് നൽകിയ പേര്.
1969 നും 1972 നും ഇടയിൽ, അപ്പോളോ ബഹിരാകാശയാത്രികർ ചന്ദ്രനിൽ ആറ് വിജയകരമായ ലാൻഡിംഗ് നടത്തി. ചന്ദ്രനിലെ പാറയടക്കമുള്ള വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചാണ് സംഘം ഭൂമിയിലേക്ക് മടങ്ങിയത്. ബഹിരാകാശ വാഹനങ്ങളിൽ പരിമിതമായ സ്ഥല സൗകര്യം കാരണം, ബഹിരാകാശയാത്രികർ മനുഷ്യ മാലിന്യം പോലുള്ള അവശ്യമല്ലാത്ത വസ്തുക്കൾ ചന്ദ്രന്റെ ഉപരിതലത്തിൽ ഉപേക്ഷിച്ചാണ് മടങ്ങിയത്. ഇവർ ഉപേക്ഷിച്ച 96 ബാഗ് മനുഷ്യ മാലിന്യങ്ങൾ ഇപ്പോഴും ചന്ദ്രനിലുണ്ട്. അരനൂറ്റാണ്ടിലേറെയായി അവ നശിക്കാതെ കിടക്കുന്നു.
ആർട്ടെമിസ് മൂൺ ദൗത്യത്തിന് മാലിന്യ പുനരുപയോഗം നിർണായകമാണെന്ന് നാസ പറയുന്നു. നാസയുടെ ആർട്ടെമിസ് ദൗത്യം ചന്ദ്രനിൽ സ്ഥിരമായ മനുഷ്യ സാന്നിധ്യം ലക്ഷ്യമിടുന്നതിനാൽ, ദീർഘകാല മാലിന്യ സംസ്കരണം മുൻഗണന നൽകുന്ന കാര്യമാണ്. ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ, മാലിന്യമടക്കം പുനരുപയോഗിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്യേണ്ടതുണ്ട്. മാലിന്യങ്ങൾ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നത് പ്രായോഗികമല്ല.
ബഹിരാകാശ ദൗത്യങ്ങളിൽ ഖരമാലിന്യം എങ്ങനെ കുറയ്ക്കാമെന്നതും ബഹിരാകാശ പരിതസ്ഥിതിയിൽ മാലിന്യങ്ങൾ എങ്ങനെ സംഭരിക്കാനും സംസ്കരിക്കാനും പുനരുപയോഗം ചെയ്യാനും കഴിയുമെന്നതും കടുത്ത വെല്ലുവിളിയാണ്. ഈ പ്രശ്നം മറികടക്കാനാണ് ലൂണ റീസൈക്കിൾ ചലഞ്ചിന്റെ ലക്ഷ്യം. അപ്പോളോ ദൗത്യങ്ങളിൽ നിന്നുള്ള മുൻകാല മാലിന്യങ്ങൾ മാത്രമല്ല, ഭാവി ദൗത്യങ്ങളിൽ ഉണ്ടാകുന്ന ഖരമാലിന്യങ്ങളും കൈകാര്യം ചെയ്യാൻ കഴിയുന്ന സാങ്കേതികവിദ്യകളും കണ്ടെത്തുമെന്നാണ് നാസയുടെ പ്രതീക്ഷ.