കാൽവരി മൗണ്ടിന് സമീപം സ്വന്തം ഏലത്തോട്ടത്തിൽ ചാരായം വാറ്റ്; ഒരാളെ പിടികൂടി എക്സൈസ് സംഘം
ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ കാൽവരി മൗണ്ടിനു സമീപം ഏലത്തോട്ടത്തിൽ ചാരായം വാറ്റുന്നതിനിടെ ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. സ്കറിയ(60 ) എന്നയാളാണ് തന്റെ ഏലത്തോട്ടത്തിൽ ചാരായം വാറ്റുന്നതിനിടയിൽ പിടിയിലായത്. ഇവിടെ നിന്നും 19.5 ലിറ്റർ ചാരായവും, 35 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സൈജുമോൻ ജേക്കബ്, പ്രിവന്റീവ് ഓഫീസർ ജയൻ പി ജോൺ, പ്രിവന്റീവ് ഓഫീസർമാരായ ജിൻസൺ സി.എൻ, ജോഫിൻ ജോൺ, ബിജു പി.എ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീന തോമസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ, ആനന്ദ് വിജയൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അഗസ്റ്റ്യൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
മറ്റൊരു സംഭവത്തിൽ വയനാട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 23 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാളെ പിടികൂടി. കൂത്തുപറമ്പ് സ്വദേശി മെഹബൂബ് (36) ആണ് പിടിയിലായത്. വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ പി.ജിയും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്.