ഇടുക്കി: ഇടുക്കി തൊടുപുഴ ജില്ല ആശുപത്രിയിൽ ചികിത്സ പിഴവെന്ന് ആരോപണം. ലോഹഭാഗം എടുത്തുമാറ്റാതെ യുവാവിന്റെ കാലിലെ മുറിവ് തുന്നിക്കെട്ടിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇടവെട്ടി സ്വദേശി മുഹമ്മദ് ഹാജയുടെ കാലിലെ മുറിവാണ് തുന്നിക്കട്ടിയത്. പരാതി കിട്ടിയെങ്കിലും ആശുപത്രിക്ക് പിഴവ് പറ്റിയിട്ടില്ലെന്ന നിലപാടിലാണ് സൂപ്രണ്ട്. കാലിന് പരിക്ക് പറ്റി ആശുപത്രിയിലെത്തിയതാണ് യുവാവ്. ലോഹച്ചീള് അകത്ത് വെച്ച് തന്നെ തുന്നിക്കെട്ടി വിടുകയാണുണ്ടായത്. വേദന സഹിക്കാൻ സാധിക്കാതെ മറ്റൊരു ആശുപത്രിയിലെത്തിയപ്പോഴാണ് ലോഹച്ചീള് മുറിവിലുണ്ടായിരുന്നതായി മനസിലായതെന്ന് മുഹമ്മദ് ഹാജ പറയുന്നു.
അഞ്ച് സ്റ്റിച്ചുകളാണ് മുറിവിലുണ്ടായിരുന്നത്. എല്ലാ ദിവസവും ഡ്രെസ് ചെയ്യാന്‍ പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞിട്ടും കാലിന്റെ വേദനയ്ക്ക് ശമനമുണ്ടായില്ലെന്നും കാല് നിലത്തുകുത്താൻ പോലും സാധിച്ചിരുന്നില്ലെന്നും ഹാജ പറയുന്നു. കാലിൽ പഴുപ്പും കൂടിവന്നു. സർജനെ കാണിക്കാൻ പറഞ്ഞു. എന്നിട്ടും മാറ്റമൊന്നുമുണ്ടായില്ല. അടുത്തുള്ള ആശുപത്രിയിൽ കാണിച്ചപ്പോഴാണ് മുറിവിൽ നിന്നും ലോഹച്ചീള് എടുത്തുമാറ്റിയത്. ആർഎംഒയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഹാജ പറഞ്ഞു.
എന്നാൽ എക്സ്റേയിൽ ലോഹഭാഗമൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് ആശുപത്രി അധികൃതർ വിശദീകരണം നൽകുന്നു. ലോഹച്ചീള് മുറിവിലുണ്ടെന്ന് സംശയം പറഞ്ഞെങ്കിലും ആശുപത്രി അധികൃതർ അക്കാര്യം ശ്രദ്ധിച്ചില്ലെന്നും മുഹമ്മദ് ഹാജ പറഞ്ഞു. മാർച്ച് 29നാണ് സംഭവം നടക്കുന്നത്. വെൽഡിംഗ് തൊഴിലാളിയാണ് മുഹമ്മദ് ഹാജ. ആശുപത്രി അധികൃതര്‍ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.