ഓപ്പണറായിട്ടും രക്ഷയില്ല, ഇന്നും മോശം സ്ട്രൈക്ക് റേറ്റ്; റിഷഭ് പന്തിനെ പൊരിച്ച് ആരാധകര്‍

ലക്നൗ: ആറ് പന്തില്‍ 0, 15 പന്തില്‍ 15, അഞ്ച് പന്തില്‍ 2, ആറ് പന്തില്‍ 2, 18 പന്തില്‍ 21. ഐപിഎല്‍ പതിനെട്ടാം സീസണില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ റിഷഭ് പന്തിന്‍റെ സ്കോറുകള്‍ ഇങ്ങനെയാണ്. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും റിഷഭ് പന്തിന് ഫോമിലേക്ക് ഉയരാനായില്ല. പതിവില്‍ നിന്ന് വ്യത്യസ്തമായി ഓപ്പണറുടെ റോളില്‍ ക്രീസിലെത്തിയ ശേഷമായിരുന്നു 21 റണ്‍സുമായി റിഷഭിന്‍റെ പുത്താകല്‍. ഇതോടെ ഐപിഎല്‍ 2025ല്‍ റിഷഭ് പന്തിനെതിരായ കടുത്ത വിമര്‍ശനം തുടരുകയാണ്. റിഷഭ് പന്തിനെ ലക്ഷ്യമിട്ട് ഏറെ ട്വീറ്റുകളാണ് എക്സില്‍ പ്രത്യക്ഷപ്പെട്ടത്.

മത്സരത്തില്‍ 181 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിനായി ഏയ്‌ഡന്‍ മാര്‍ക്രമിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് റിഷഭ് പന്തായിരുന്നു. സ്ഥിരം ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിന്‍റെ അഭാവത്തില്‍ ബാറ്റിംഗിനെ മുന്നില്‍ നിന്ന് നയിക്കാനുള്ള ചുമതല പന്ത് ഏറ്റെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ മാര്‍ക്രം-റിഷഭ് സഖ്യം 65 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ റിഷഭ് പന്തിന്‍റെ ആകെ സംഭാവന 18 പന്തുകളില്‍ 21 റണ്‍സിലൊതുങ്ങി. നാല് ബൗണ്ടറികളാണ് പന്ത് നേടിയത്. ലക്നൗ ഇന്നിംഗ്സിലെ 7-ാം ഓവറില്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ രണ്ടാം പന്തില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പിടിച്ചായിരുന്നു റിഷഭ് പന്തിന്‍റെ മടക്കം. എങ്കിലും 31 ബോളുകളില്‍ 58 റണ്‍സ് നേടിയ ഏയ്‌ഡന്‍ മാര്‍ക്രം, 34 പന്തുകളില്‍ 61 റണ്‍സെടുത്ത നിക്കോളാസ് പുരാന്‍, 20 പന്തുകളില്‍ പുറത്താവാതെ 28* നേടിയ ആയുഷ് ബദോനി എന്നിവരുടെ കരുത്തില്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കേ ആറ് വിക്കറ്റിന്‍റെ ജയം ലക്നൗ സൂപ്പര്‍ ജയന്‍റ്സ് സ്വന്തമാക്കി. 

നേരത്തെ, ആദ്യം ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 180 റണ്‍സിലൊതുങ്ങി. ഒന്നാം വിക്കറ്റില്‍ 12 ഓവറില്‍ 120 റണ്‍സ് ചേര്‍ത്ത ശേഷമായിരുന്നു സായ് സുദര്‍ശന്‍- ശുഭ്‌മാന്‍ ഗില്‍ സഖ്യത്തിന്‍റെ മടക്കം. സായ് 37 പന്തുകളില്‍ 56 റണ്‍സും ഗില്‍ 38 ബോളുകളില്‍ 60 റണ്‍സുമെടുത്തു. ഇതിന് ശേഷം ഗുജറാത്ത് മധ്യനിരയെ പിടിച്ചുനിര്‍ത്തി ലക്നൗ മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ലക്നൗവിനായി ഷര്‍ദ്ദുല്‍ താക്കൂറും രവി ബിഷ്‌ണോയിയും രണ്ട് വീതവും ദിഗ്‌വേഷ് രാത്തിയും ആവേഷ് ഖാനും ഓരോ വിക്കറ്റും നേടി. 

Read more: എത്ര പിഴയിട്ടാലും നിര്‍ത്താന്‍ പ്ലാനില്ല; വീണ്ടും ഗ്രൗണ്ടിലെഴുതി ദിഗ്‌വേഷ് രാത്തിയുടെ നോട്ട്ബുക്ക് ആഘോഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin