ഐപിഎല്‍: വിജയോദയത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ടോസ് ജയിച്ച് പഞ്ചാബ് കിംഗ്സ്
ഹൈദരാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്- പഞ്ചാബ് കിംഗ്സ് മത്സരം അല്‍പസമയത്തിനകം. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. മികച്ച സ്കോര്‍ നേടാമെന്ന പ്രതീക്ഷയിലാണ് ബാറ്റിംഗ് തെരഞ്ഞെടുത്തതെന്ന് ശ്രേയസ് വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിലെ അതേ പ്ലേയിംഗ് ഇലവനുമായി പഞ്ചാബ് കിംഗ്സ് ഇറങ്ങുമ്പോള്‍ സണ്‍റൈസേഴ്സ് ഒരു മാറ്റവുമായി കളിക്കുന്നു. കമിന്ദു മെന്‍ഡിസിന് പകരം എഷാന്‍ മലിംഗയാണ് ഇന്നിറങ്ങുന്നത്.
പ്ലേയിംഗ് ഇലവനുകള്‍
സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‍റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ്മ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷാല്‍ പട്ടേല്‍, സീഷന്‍ അന്‍സാരി, മുഹമ്മദ് ഷമി, എഷാന്‍ മലിംഗ.
പഞ്ചാബ് കിംഗ്സ്: പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയിനിസ്, നെഹാല്‍ വധേര, ഗ്ലെന്‍ മാക്സ്‌വെല്‍, ശശാങ്ക് സിംഗ്, മാര്‍ക്കോ യാന്‍സന്‍, അര്‍ഷ്‌ദീപ് സിംഗ്, ലോക്കീ ഫെര്‍ഗൂസന്‍, യുസ്‌വേന്ദ്ര ചാഹല്‍.
സ്വന്തം തട്ടകത്തില്‍ വിജയവഴിയിലെത്താന്‍ കൊതിച്ചാണ് സണ്‍റൈസേഴ്സ് ഇറങ്ങുന്നത്. അവസാന നാല് മത്സരത്തിലും സണ്‍റൈസേഴ്സ് ഹൈദരാബാദിന് തോൽവി ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ എന്നീ ബാറ്റര്‍മാര്‍ നിറംമങ്ങിയതാണ് സീസണില്‍ സണ്‍റൈസേഴ്സിന് തിരിച്ചടിയായത്. അതേസമയം ഓരോ മത്സരത്തിലും ഓരോ വിജയശിൽപികൾ പിറക്കുന്ന പഞ്ചാബ് നാലാം ജയമാണ് ലക്ഷ്യമിടുന്നത്. ഗ്ലെൻ മാക്സ്‍വെല്ലും മാർക്കസ് സ്റ്റോയിനിസും കൂടി ഫോമിലേക്കെത്തിയാൽ ശ്രേയസ് അയ്യരുടെ പഞ്ചാബിന്‍റെ സ്കോർ ബോർഡ് സുരക്ഷിതമാവും.