അന്നാദ്യമായി ഞാന്‍ മഴയെ പേടിച്ചു, വെള്ളം തോടും കടന്ന് മുറ്റത്തേക്ക് കയറി, മഴയുടെ ഹുങ്കാരം കൂടി…

നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം:  submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.

 

ര്‍മ്മ വെച്ച നാള്‍ മുതലേ കേള്‍ക്കുന്ന പേരായിരുന്നു പോത്തും കുണ്ട്. ചില കാക്കമാര്‍ പോത്തിനെ കുളിപ്പിച്ച് ആഴം കൂടിയത് കൊണ്ടായിരുന്നൂത്രേ ആ പേര് വന്നത്. 

അവധിക്കാലം വേനലിന്‍റേതായിരുന്നുവെങ്കിലും ഞങ്ങളുടെ തിമിര്‍പ്പ് അവധിക്കാലത്തിന്‍റെ അവസാനമെത്തുന്ന മഴക്കാലത്തായിരുന്നു. മഴ പെയ്താല്‍ പിന്നെ പോത്തും കുണ്ട് സജീവമാവും ഞങ്ങള്‍ ഒരു പത്തിരുപത് കുട്ടികളുണ്ടാവും. ചാട്ടവും മലക്കം മറിച്ചിലും മുങ്ങാംകുഴിയിടലും തൊട്ട് കളിയുമൊക്കെയായി രാത്രിയോളം നീളും. പാലത്തിന്‍റെ മോളീന്നും തെങ്ങിന്‍റെ മോളീന്നും മലക്കം മറിഞ്ഞ് തോട്ടിലേക്ക് ചാടുന്നവരായിരുന്നു ഞങ്ങളുടെ മനസ്സിലെ വീരപുരുഷന്‍മാര്‍. ആരാധനയോടെ അവരെ നോക്കി നില്‍ക്കുമ്പോള്‍ അവര്‍ വീണ്ടും വീണ്ടും ചാടി ഞങ്ങളുടെ അഭിമാനത്തെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു.

പോത്തും കുണ്ട് മുതല്‍ അണക്കെട്ട് വരെയുള്ള സ്ഥലങ്ങളായിരുന്നു ഞങ്ങളുടെ വിഹാര രംഗം. ചൊമന്ന് കലങ്ങിമറിഞ്ഞ കണ്ണുമായി മൂന്തിമയിപ്പിന് വീട്ടിലെത്തുമ്പോഴേക്കും ഉണങ്ങിയ തോര്‍ത്ത് മുണ്ടുമായി ഉമ്മ കാത്ത് നില്‍ക്കുന്നുണ്ടാവും.

നിര്‍ത്താതെ പെയ്യുന്ന മഴ തോടും പാടവും ഒന്നാക്കി മാറ്റും. പിന്നെ പാണ്ടിയുടെ സമയമാണ്. നാലും അഞ്ചും വാഴകള്‍ കൂട്ടിക്കെട്ടി പാണ്ടിയുണ്ടാക്കി പാടത്തിറക്കും. അതിന്‍റെ മേലെ കിടന്നും ഇരുന്നും ഇടക്ക് വെള്ളത്തിലേക്ക് കൂപ്പ് കുത്തിയും ഞങ്ങള്‍ നീരാട്ട് കേങ്കേമമാക്കും. മഗ്‌രിബ് ബാങ്ക് കൊടുത്താലും നാലഞ്ച് പാണ്ടികള്‍ പാടത്ത് അലഞ്ഞ് നടക്കുന്നുണ്ടാവും. തോട് അപ്പോഴും ചുവന്ന് കലങ്ങിയ വെള്ളവുമായി കൂലം കുത്തി ഒഴുകും. 

രാവിലെ ഇട്ട് വെച്ച വലയിലും ചൂണ്ടയിലും ദിവസവും വ്യത്യസ്ത തരം മീനുകള്‍ കുരുങ്ങിക്കിടന്നു. ചണ്ടിയും ചമ്മലുമായി കലക്ക വെള്ളം പാഞ്ഞ് വരുമ്പോള്‍ ഒരു മുളവടിയുടെ അറ്റത്ത് വലകെട്ടി ഞങ്ങള്‍ കാത്തിരിക്കും. ഒഴുകി വരുന്ന നൂറായിരം സാധനങ്ങള്‍ക്കിടയില്‍ നിന്ന് അടക്ക, തേങ്ങ, മാങ്ങ, സോപ്പുപെട്ടി, പന്ത്, പമ്പരം തുടങ്ങിയ ലൊട്ട്‌ലൊടുക്ക് സാധനങ്ങള്‍ അതിവിദഗ്ദമായി വല വീശിപ്പിടിക്കും. 

മഴപ്പെയ്ത്തിനൊപ്പം ഞങ്ങളുടെ കാശിത്തൊണ്ടുകള്‍ നിറഞ്ഞു കൊണ്ടിരുന്നു. രാത്രി ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് കാതോര്‍ക്കും. ചരല്‍കല്ലുകള്‍ വാരിയെറിയുന്നത് പോലെ ഓട്ടുമ്പുറത്തേക്ക് മഴത്തുള്ളികള്‍ വീഴുന്ന ശബ്ദം കേട്ട് മനസ്സ് സന്തോഷം കൊണ്ട് തുടികൊട്ടും. ഉറക്കം വരാതെ തിരിഞ്ഞും മറിഞും കിടക്കും. നേരത്തെയെഴുന്നേറ്റ് ഓടി വന്ന് നോക്കുന്നത് മുറ്റത്ത് നിന്നും തോട്ടിലേക്ക് ഇറങ്ങാന്‍ വേണ്ടി ഉണ്ടാക്കിയ പടവുകളിലേക്കാവും. എത്ര പടവുകളില്‍ വെള്ളം കേറിയെന്നത് മാത്രമാവും അപ്പോഴത്തെ ചിന്ത. ഒമ്പത് പടവുകളില്‍ ഓരോന്നും വെള്ളം വിഴുങ്ങുന്നതിനൊപ്പം ഞങ്ങള്‍ കുട്ടികളുടെ മനസ്സില്‍ സന്തോഷം കൂടി വരും. 

അങ്ങനെ ഒമ്പത് പടവുകളും വെള്ളം വിഴുങ്ങിയ ഒരു രാത്രി. 

മഴ നിര്‍ത്താതെ പെയ്യുകയാണ്. വെള്ളം തോടും കടന്ന് മുറ്റത്തേക്ക് കയറിയ അന്ന് വീട്ടുകാരുടെ മുഖത്ത് കണ്ടത് ഭീകരമായ ഭയം മാത്രമായിരുന്നു. അന്നാദ്യമായി ഞാന്‍ മഴയെ പേടിച്ചു. മഴയുടെ ഹുങ്കാരം കൂടിക്കൂടി വന്നു. എല്ലാം കെട്ടിപ്പെറുക്കി ഞങ്ങള്‍ തറവാട്ടിലേക്ക് പോവാന്‍ ഒരുക്കം കൂട്ടി. അപ്പോള്‍ ആ മഴയിലൂടെ ഒരാള്‍ വീട്ടിലേക്ക് കയറി വന്നു. അമ്മോന്‍.

ഒരിടത്തും പോവാന്‍ അനുവദിക്കാതെ അമ്മോന്‍ ഞങ്ങള്‍ക്ക് കാവല്‍ നിന്നു. ഉമ്മറപ്പടിയോളം വെള്ളമെത്തിയ, തോരാതെ തിമിര്‍ത്ത് പെയ്യുന്ന രാത്രി. വീടിന്‍റെ പുറത്തേ മുറിയില്‍ ഒറ്റക്ക് കിടന്ന് പിറ്റേന്ന് രാവിലെ ഒന്നും സംഭവിക്കാത്ത പോലെ നടന്ന് പോയ അമ്മോനെ ഒരു വീരപുരുഷനെപ്പോലെ ഞങ്ങള്‍ കുട്ടികള്‍  ആരാധനയോടെ നോക്കി നിന്നു. 

നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് നോക്കി പലരും അത്ഭുതത്തോടെ ഉമ്മാനോട് ചോദിക്കും, ‘ഈ തോട്ടും കരേല്‍ എങ്ങനെ ഈ കുട്ട്യളെ  ജ്ജി വളര്‍ത്തി വലുതാക്കീന്ന്’

അതു കേള്‍ക്കുമ്പോള്‍ പലപ്പോഴും അഭിമാനത്തോടെ ഉന്മ പുഞ്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

 

ഓര്‍മ്മകളില്‍ ഒരു അവധിക്കാലം മറ്റ് ലക്കങ്ങൾ വായിക്കാം.

 

 

By admin