14×14 മുറി, ചുറ്റും സിസിടിവി, മൾട്ടി-ലെയേർഡ് ഡിജിറ്റൽ സുരക്ഷ; തഹാവൂർ റാണയെ പാർപ്പിക്കുക എൻഐഎ ആസ്ഥാനത്ത്
ദില്ലി: മുംബൈ ഭീകരാക്രമണക്കേസിൽ യുഎസിൽ നിന്ന് ഇന്ത്യയിലെത്തിച്ച തഹാവൂർ റാണയെ കസ്റ്റഡി എഎൻഐ ആസ്ഥാന മന്ദിരത്തിൽ. അതീവ സുരക്ഷയുള്ള 14 അടി നീളവും 14 അടി വീതിയുമുള്ള സെല്ലിലായിരിക്കും ഇയാളെ ചോദ്യം ചെയ്യുക. സിസിടിവി നിരീക്ഷണവും 24 മണിക്കൂറും സുരക്ഷാ കാവലുമുണ്ടായിരിക്കും. 2008 ലെ മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതിയായ തഹാവൂർ ഹുസൈൻ റാണയെ വ്യാഴാഴ്ചയാണ് അമേരിക്കയിൽ നിന്ന് നാടുകടത്തിയതിനെത്തുടർന്ന് ഇന്ത്യക്ക് കൈമാറിയത്.
സിജിഒ കോംപ്ലക്സിലെ എൻഐഎ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് റാണയെ പാർപ്പിക്കുന്ന സെൽ. റാണയുടെ വരവിനുശേഷം കോട്ടയുടെ സുരക്ഷക്ക് സമാനമായ സുരക്ഷയാണ് നൽകിയിരിക്കുന്നത്. ദില്ലി പൊലീസിനെയും അർധസൈനിക വിഭാഗത്തെയും കൂടുതൽ വിന്യസിച്ചു. സുരക്ഷാ കാരണങ്ങളാൽ വ്യാഴാഴ്ച രാത്രി പട്യാല ഹൗസ് കോടതി പരിസരത്ത് നിന്ന് മാധ്യമപ്രവർത്തകരെ പോലും പുറത്താക്കി.
റാണ പാർപ്പിക്കുന്ന സെല്ലിനുള്ളിൽ മൾട്ടി-ലെയേർഡ് ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. ഓരോ ഇഞ്ചിലും സിസിടിവി ക്യാമറകൾ നിരീക്ഷിക്കും. 12 നിയുക്ത എൻഐഎ ഉദ്യോഗസ്ഥർക്ക് മാത്രമേ പ്രവേശിക്കാൻ അനുവാദമുള്ളൂ. നിലത്ത് ഒരു കിടക്കയും സെല്ലിനുള്ളിൽ ഒരു കുളിമുറിയും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയും നിരീക്ഷണമുണ്ടായിരിക്കും. ഭക്ഷണം, കുടിവെള്ളം, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങി എല്ലാ അടിസ്ഥാന ആവശ്യങ്ങളും അകത്ത് എത്തിച്ചു നൽകും.
പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരനായ റാണയെ ഇന്നാണ് യുഎസിൽ നിന്നെത്തിച്ചത്. പട്യാല ഹൗസിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കി. കോടതി മുറിയിൽ നിന്ന് അത്യാവശ്യമല്ലാത്ത എല്ലാ ഉദ്യോഗസ്ഥരെയും പുറത്താക്കിയാണ് ഹാജരാക്കിയത്. പ്രത്യേക എൻഐഎ ബെഞ്ചിന് നേതൃത്വം നൽകിയ ജഡ്ജി ചന്ദർ ജിത് സിംഗ് എൻഐക്ക് 18 ദിവസത്തെ കസ്റ്റഡി അനുവദിച്ചു. റാണക്ക് ദില്ലി ലീഗൽ സർവീസസ് അതോറിറ്റി വഴി നിയമസഹായം നൽകുമെന്ന് ജഡ്ജി അറിയിച്ചു. തുടർന്ന് റാണയെ പ്രതിനിധീകരിക്കാൻ അഭിഭാഷകൻ പീയൂഷ് സച്ച്ദേവയെ നിയമിച്ചു.
Read More…. തഹാവുർ റാണയ്ക്കെതിരെ തെളിവുകളുമായി എന്‍ഐഎ; ഡേവിഡ് ഹെഡ്ലി അയച്ച ഇമെയിലുകൾ കോടതിയിൽ ഹാജരാക്കി
ഇന്ന് മുതൽ റാണയെ ചോദ്യം ചെയ്യലിന് വിധേയമാക്കും. ഇരട്ട ക്യാമറ നിരീക്ഷണത്തിലായിരിക്കും ചോദ്യം ചെയ്യൽ. എട്ട് കേന്ദ്ര അന്വേഷണ, രഹസ്യാന്വേഷണ ഏജൻസികൾ റാണയെ ചോദ്യം ചെയ്യലിനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.