വേഷംമാറി വീട്ടിലെത്തി, പ്രതിയുണ്ടെന്ന് ഉറപ്പാക്കി; നാച്ചി തൈ വീടിനടുത്ത് കുഴിച്ചിട്ട കഞ്ചാവ് എക്സൈസ് പൊക്കി
മണ്ണഞ്ചേരി: കലവൂരിൽ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ. ആലപ്പുഴ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എം ആര്‍ മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസം ലക്കിംപ്പൂർ സ്വദേശി രാഹുൽ എന്ന് വിളിക്കുന്ന നാച്ചി തൈ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 3.184 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
കലവൂർ മാരൻകുളങ്ങര ജംഗ്ഷന് വടക്കുവശം വാടകയ്ക്ക് എടുത്ത ഇരുനില വീട്ടിലാണ് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്നത്. വീടിനോട് ചേർന്ന് കുഴിച്ചിട്ട നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. മൂന്നുവർഷം മുൻപ് ഇതേ വീട്ടിൽ താമസിച്ച് ഇയാള്‍ കഞ്ചാവ് കച്ചവടം ചെയ്തിരുന്നു. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ആയിരുന്ന പ്രതി അസാമിലേക്ക് കടന്നു കളഞ്ഞശേഷം കഴിഞ്ഞവർഷം അവസാനമാണ് കലവൂരിലേക്ക് തിരിച്ചുവന്നത്.
രഹസ്യ വിവരത്തെ തുടർന്ന് ഈ വീട് എക്‌സൈസ് നീരീക്ഷണത്തിലായിരുന്നു. ആരോഗ്യ പ്രവർത്തകയായി വനിത സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥർ ചെന്ന് പ്രതി ഉണ്ടെന്ന് ഉറപ്പാക്കിയിട്ടാണ് റെയ്‌ഡ് നടന്നത്. ഈ വീട് കേന്ദ്രികരിച്ച് പെണ്‍വാണിഭ സംഘം പ്രവർത്തിച്ചു വന്നിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.