വിരാട് കോലി- പ്യൂമ യുഗം അവസാനിച്ചു; അജിലിറ്റാസ് കിംഗിന്‍റെ പുതിയ സ്പോണ്‍സര്‍മാരാകും, പ്രഖ്യാപനം ഉടന്‍
ബെംഗളൂരു: പ്യൂമയുമായുള്ള എട്ട് വര്‍ഷം നീണ്ട 110 കോടി രൂപയുടെ കരാര്‍ അവസാനിച്ചതോടെ വിരാട് കോലിക്ക് പുതിയ സ്പോണ്‍സര്‍മാരായതായി റിപ്പോര്‍ട്ട്. സ്പോര്‍ട്‌വെയര്‍ സ്റ്റാര്‍ട്ടപ്പായ അജിലിറ്റാസായിരിക്കും കോലിയുടെ പുതിയ സ്പോണ്‍സര്‍മാര്‍ എന്ന് ദേശീയ മാധ്യമമായ ദി മിന്‍റ് റിപ്പോര്‍ട്ട് ചെയ്തു. അജിലിറ്റാസില്‍ കോലി നിക്ഷേപകനായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഐപിഎല്‍ 2025 സീസണിനിടെ ഔദ്യോഗിക പ്രഖ്യാപനം ഇക്കാര്യത്തിലുണ്ടാകും എന്നാണ് സൂചന.
നീണ്ട എട്ട് വര്‍ഷക്കാലം ജര്‍മ്മന്‍ സ്പോര്‍ട്‌സ്‌വെയര്‍ ബ്രാന്‍ഡായ പ്യൂമയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയുടെ സ്പോണ്‍സര്‍മാര്‍. 2017ലാണ് കോലിയും പ്യൂമയുമായുള്ള കരാര്‍ ആരംഭിച്ചത്. പ്യൂമയുടെ ഇന്ത്യയിലെ അംബാസഡറുമായിരുന്നു കിംഗ് കോലി. എട്ട് വര്‍ഷക്കാലത്തേക്ക് 110 കോടി രൂപയുടെ പരസ്യ കരാറായിരുന്നു കോലിയും പ്യൂമയും തമ്മിലുണ്ടായിരുന്നത്. കോലി അംബാസിഡറായതോടെ രാജ്യത്തെ ഏറ്റവും വലിയ കായിക വസ്ത്ര നിര്‍മാതാക്കളായി പ്യൂമ ഇന്ത്യ മാറിയിരുന്നു. എന്നാലിപ്പോള്‍ കരാര്‍ പുതുക്കാതെ കോലിയുമായുള്ള പങ്കാളിത്തം അവസാനിച്ചതായി പ്യൂമ ഇന്ത്യ അറിയിച്ചു.
‘ക്രിക്കറ്ററും കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറുമായ വിരാട് കോലിയുമായുള്ള ദീര്‍ഘകാല സഹകരണം അവസാനിച്ചതായി സ്പോര്‍ട്സ് ബ്രാന്‍ഡായ പ്യൂമ ഇന്ത്യ സ്ഥിരീകരിക്കുകയാണ്. എല്ലാ ഭാവി പദ്ധതികള്‍ക്കും കോലിക്ക് എല്ലാവിധ ആശംസകളും പ്യൂമ നേരുന്നു. വര്‍ഷങ്ങള്‍ നീണ്ട കോലിയുമായുള്ള സഹകരണം അവിസ്‌മരണീയമായിരുന്നു. കോലിക്കൊപ്പം ഗംഭീര പ്രചാരണങ്ങള്‍ കമ്പനിക്ക് നടത്താനായി. ഒരു സ്പോര്‍ട്‌സ് ബ്രാന്‍ഡ് എന്ന നിലയില്‍ ഇന്ത്യയിലെ അടുത്ത തലമുറ കായിക താരങ്ങളുമായി സഹകരിക്കുന്നത് പ്യൂമ തുടരും. ഇത് ഇന്ത്യന്‍ കായികരംഗത്തിനും കരുത്താകും’- എന്നും പ്യൂമ വക്താവ് പ്രതികരിച്ചതായി സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു.
ഐപിഎല്‍ പതിനെട്ടാം സീസണില്‍ നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി കളിച്ചുകൊണ്ടിരിക്കുകയാണ് വിരാട് കോലി. ഈ ഐപിഎല്‍ സീസണിനിടെ കോലിയും അജിലിറ്റാസും തമ്മിലുള്ള കരാര്‍ പ്രഖ്യാപനമുണ്ടായേക്കും. പ്രൂമ ഇന്ത്യയുടെയും സൗത്ത്-ഈസ്റ്റ് ഏഷ്യ മാനേജിംഗ് ഡയറക്ടറുമായ അഭിഷേക് ഗാംഗുലി 2023ല്‍ സ്ഥാപിച്ച കായിക വസ്ത്ര നിര്‍മ്മാണ കമ്പനിയാണ് അജിലിറ്റാസ്. ബെംഗളൂരുവാണ് Agilitas-ന്‍റെ ആസ്ഥാനം. ബ്രാന്‍ഡിനെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അജിലിറ്റാസില്‍ കോലി നിക്ഷേപകനാകും എന്ന സൂചന 2024 ഫെബ്രുവരി മുതലുണ്ട്. നെക്‌സസ് വെന്‍ച്വറില്‍ നിന്ന് 100 കോടി രൂപയുടെ നിക്ഷേപം അജിലിറ്റാസിന് 2023ല്‍ ലഭിച്ചിരുന്നു.
Read more: ആ റെക്കോര്‍ഡും മറികടന്നു, ലോകത്തിലെ ആദ്യ താരം; അപൂര്‍വ്വ നേട്ടവുമായി വിരാട് കോലി