വാരണാസിയിലെ കൂട്ട ബലാത്സംഗം; കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രി

വാരണാസി: വാരണാസിയില്‍ 23 പേര്‍ ചേര്‍ന്ന് 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പൊലീസിന് നിര്‍ദേശം നല്‍കി. സ്വന്തം മണ്ഡലമായ വാരണാസിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതിനിടെയായിരുന്നു മോദിയുടെ പ്രതികരണം.  വാരണാസിയില്‍ വിമാനം ഇറങ്ങിയ ഉടന്‍ തന്നെ പൊലീസ് കമ്മീഷണര്‍ കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. 

ഉത്തര്‍ പ്രദേശില്‍ പന്ത്രണ്ടാംക്ലാസുകാരിയെ ഇരുപതിലധികം പേര്‍ ചേര്‍ന്ന് 7 ദിവസം കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വാരണാസിയില്‍ മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ നാലുവരെയാണ് പെണ്‍കുട്ടിയെ സംഘം പീഡിപ്പിച്ചത്. ശീതളപാനിയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധം കെടുത്തിയായിരുന്നു ക്രൂരത. സംഭവത്തില്‍ 23 പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. 

മാര്‍ച്ച് 29 നാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. സുഹൃത്തിനൊപ്പം വാരണാസിയിലെ പിശാച് മോചന്‍ എന്ന സ്ഥലത്തെ ബാറില്‍ പോയതായിരുന്നു പെണ്‍കുട്ടി. ഇവിടെ നിന്ന് പ്രതികള്‍ കുട്ടിക്ക് ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തുകയും വിവിധ ഹോട്ടലുകളിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പ്രതികളില്‍ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടവരും മുന്‍ സുഹൃത്തുക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. 
 

Read More:റോബ് ധരിച്ചില്ല, ഷർട്ടിന്‍റെ ബട്ടൻസ് ഇട്ടില്ല; ചോദ്യം ചെയ്ത ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ചു, അഭിഭാഷകന് തടവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin