റണ്‍വേട്ടക്കാരില്‍ കുതിപ്പ് നടത്തി കെ എല്‍ രാഹുല്‍! സഞ്ജു ആദ്യ പത്തില്‍ തുടരുന്നു, പുരാന്‍ ഒന്നാമത് തന്നെ
അഹമ്മദാബാദ്: ഈ ഐപിഎല്‍ സീസണിലും വെടിക്കെട്ട് ബാറ്റിംഗുമായി ശ്രദ്ധനേടുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശന്‍. 5 മത്സരങ്ങളില്‍ നിന്ന് 273 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ മുന്നിലുണ്ട് ഈ തമിഴ്‌നാട്ടുക്കാരന്‍. ഗുജറാത്ത് ടൈറ്റന്‍സിന്റെ കുന്തമുനയാണ് 23ക്കാരന്‍. ഗില്ലിനൊപ്പം ഓപ്പണിംഗിന് ഇറങ്ങി വെടിക്കെട്ട് ബാറ്റിംഗ്. രാജസ്ഥാനെതിരെ 82 റണ്‍സ് അടിച്ചുകൂട്ടി സ്ഥിരതയുള്ള താരമെന്ന് വീണ്ടും തെളിയിച്ചു. ഈ സീസണില്‍ കളിച്ച 5 മത്സരങ്ങളില്‍ മൂന്നിലും അര്‍ധ സെഞ്ച്വറി.
288 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഒന്നാമതുള്ള ലക്‌നൗവിന്റെ നിക്കോളാസ് പുരാനെക്കാള്‍ വെറും 15 റണ്‍സ് അകലെയാണ് താരം. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ തുടരെ അഞ്ച് തവണ ഫിഫ്റ്റി അടിച്ച് സായിയെ തേടി റെക്കോര്‍ഡുമെത്തി. വോളിബോള്‍ താരങ്ങളായ ഭരദ്വാജിന്റെയും ഉഷയുടെയും മകനായി ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന സായ് സുദര്‍ശന്‍ 2022ലാണ് ടൈറ്റന്‍സ് ക്യാംപിലെത്തുന്നത്. 2023, 2024 സീസണുകളില്‍ ഗുജറാത്തിന്റെ ബാറ്റിംഗ് നിരയില്‍ നിര്‍ണായക സാന്നിധ്യം.
ഇതുവരെ കളിച്ച 30 മത്സരങ്ങളില്‍ നിന്ന് 1300ലേറെ റണ്‍സ് നേടിയപ്പോള്‍, താരത്തിന്റെ പേരില്‍ ഒരു തകര്‍പ്പന്‍ സെഞ്ച്വറിയുമുണ്ട്. ഇത്തവണ 8.5 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടീമില്‍ നിലനിര്‍ത്തിയത്. ആഭ്യന്തര ക്രിക്കറ്റിലും മിന്നിതിളങ്ങിയതോടെ 2023ലെ ദക്ഷിണാഫ്രിക്കന്‍ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം. എന്നാല്‍ താരത്തിന് പിന്നീട് കൂടുതല്‍ അവസരങ്ങള്‍ കിട്ടിയില്ല. അധികം വൈകാതെ ഇന്ത്യന്‍ ടീമില്‍ സായ് തിരിച്ചെത്തുന്നത് കാത്തിരിക്കുയാണ് ആരാധകര്‍.
അതേസമയം, റണ്‍വേട്ടക്കാരില്‍ പുരാനും സായിക്കും പിറകില്‍ മൂന്നാം സ്ഥാനത്തുണ്ട് മിച്ചല്‍ മാര്‍ഷ്. അഞ്ച് മത്സരങ്ങളില്‍ 265 റണ്‍സാണ് മാര്‍ഷ് നേടിയത്. ഗുജറാത്തിന്റെ തന്നെ ജോസ് ബട്‌ലര്‍ നാലാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളില്‍ 202 റണ്‍സാണ് സമ്പാദ്യം. ആദ്യ അഞ്ചില്‍ മുംബൈ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവുമുണ്ട്. അഞ്ച് മത്സരങ്ങളില്‍ പൂര്‍ത്തിയാക്കിയ താരത്തിന് 199 നേടാനായി. ആര്‍സിബി താരങ്ങളായ വിരാട് കോലി (186), രജത് പടിധാര്‍ (186) എന്നിവര്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍.
ഇന്നലെ ആര്‍സിബിക്കെതിരെ 93 റണ്‍സ് നേടിയ കെ എല്‍ രാഹുല്‍ എട്ടാം സ്ഥാനത്തുണ്ട്. മൂന്ന് മത്സരങ്ങളില്‍ 185 റണ്‍സാണ് രാഹുല്‍ നേടിയത്. അഞ്ച് മത്സരങ്ങളില്‍ 184 റണ്‍സ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഒമ്പതാം സ്ഥാനത്ത്. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ 178 റണ്‍സുമായി പത്താമത് തുടരുന്നു.