മൂക്കുത്തിയുമായി വീട്ടിൽ പൊലീസെത്തി, ഭാര്യ ഫോണെടുക്കാതെ പുറത്തുപോയെന്ന് ഭർത്താവ്; കണ്ടെത്തിയത് ക്രൂര കൊലപാതകം

ന്യൂഡൽഹി: അജ്ഞാത മൃതദേഹത്തിൽ നിന്ന് ലഭിച്ച മൂക്കുത്തി നിർണായക തെളിവായി മാറിയപ്പോൾ അറസ്റ്റിലായത് ഡൽഹിയിലെ റിയൽ എസ്റ്റേറ്റ് വ്യാപാരി. ഒരു മാസം മുമ്പ് ലഭിച്ച മൃതദേഹത്തിൽ നിന്ന് കിട്ടിയ സൂചനകളെല്ലാം പിന്തുടർന്ന പൊലീസ് ഓരോരോ തെളിവുകളായി കണ്ടെത്തുകയായിരുന്നു. ഒടുവിൽ പഴുതുകളടച്ച് എന്താണ് നടന്നതെന്ന് കൃത്യമായി കണ്ടെത്തുകയും ചെയ്തു. ബന്ധുക്കളും മകനും ഉൾപ്പെടെ മൃതദേഹം തിരിച്ചറിഞ്ഞതോടെ പ്രതി പിടിയിലായി.

മാർച്ച് 11നാണ് ദില്ലിയിലെ ഒരു ഓടയിൽ നിന്ന് സ്ത്രീയുടെ മൃതദേഹം ലഭിച്ചത്. ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ് കല്ലും സിമന്റ് ചാക്കും ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പരിശോധിച്ചപ്പോൾ മൃതദേഹത്തിൽ നിന്ന് പൊലീസിന് ഒരു മൂക്കുത്തി ലഭിച്ചു. അതിൽ നിന്ന് അത് വിറ്റ ജ്വല്ലറി ഏതാണെന്ന് മനസിലായി. അവിടെ അന്വേഷിച്ചപ്പോൾ ഇത് വാങ്ങിയിട്ടുള്ളവരുടെ വിവരങ്ങൾ ലഭിച്ചു. അതിൽ നിന്നാണ് ദില്ലിയിലെ ഒരു വ്യവസായിയായ അനിൽ കുമാറിന്റെ പേര് പൊലീസിന് കിട്ടുന്നത്. റിയൽ എസ്റ്റേറ്റ് വ്യാപാരിയായ ഇയാൾ ഗുരുഗ്രാമിലെ ഫാം ഹൗസിലാണ് താമസിക്കുന്നതെന്നും മനസിലാക്കി. അനിൽ കുമാറിന്റെ പേരിലായിരുന്നു മൂക്കുത്തിയുടെ ബിൽ.

പിന്നീട് നടന്ന പരിശോധനയിൽ അനിൽ കുമാറിന്റെ ഭാര്യയായ 47കാരി സീമ സിങിന്റെ മൃതദേഹമാണ് ഇതെന്ന് പൊലീസ് സംശയിച്ചു. ഒന്നുമറിയാത്ത പോലെ പൊലീസ് നേരെ അനിൽ കുമാറിന്റെ വീട്ടിലെത്തി. ഭാര്യയെ ഒന്ന് കാണണമെന്ന് പറഞ്ഞപ്പോൾ അവർ പുറത്ത് പോയിരിക്കുകയാണെന്നും ഫോൺ എടുത്തിട്ടില്ലെന്നുമായിരുന്നു മറുപടി. ഇതോടെ പൊലീസിന് കൂടുതൽ സംശയമായി. പൊലീസ് പിന്നാലെ ദ്വാരകയിലെ അനിൽ കുമാറിന്റെ ഓഫീസിലെത്തി. അവിടെ നിന്ന് കിട്ടിയ ഒരു ഡയറിയിൽ നിന്ന് സീമയുടെ അമ്മയുടെ നമ്പർ പൊലീസിന് ലഭിച്ചു. സീമയുടെ കുടുംബവുമായി സംസാരിച്ചപ്പോൾ മാർച്ച് 11ന് ശേഷം സീമയുടെ ഒരു വിവരവുമില്ലെന്നും തങ്ങൾ കടുത്ത ആശങ്കയിലാണെന്നും സഹോദരി ബബിത പറഞ്ഞു.

സീമയെ ഫോൺ വിളിക്കുമ്പോഴെല്ലാം അനിൽ കുമാറാണ് ഫോണെടുത്തിരുന്നത്. സീമ ജയ്പൂരിലാണെന്നും ആരോടും സംസാരിക്കാനുള്ള മൂഡില്ലെന്നും ഇയാൾ ബന്ധുക്കളോട് പറഞ്ഞിരുന്നു. സീമയുടെ അവസ്ഥ മെച്ചപ്പെടുമ്പോൾ താൻ വിളിക്കാമെന്നും ഇയാൾ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇത് പലതവണ ആവർത്തിച്ചപ്പോൾ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകാനൊരുങ്ങി, എന്നാൽ അതിന്റെ ആവശ്യമില്ലെന്നും സീമയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്പോൾ താൻ വിളിക്കാമെന്നും പറഞ്ഞ് അനിൽ കുമാർ എല്ലാവരെയും സമാധാനിപ്പിച്ചു.

മൃതദേഹം കണ്ടെത്തിയ ശേഷം ഏപ്രിൽ ഒന്നാം തീയ്യതി പൊലീസ് കുടുംബാംഗങ്ങലെ വിളിച്ച് മൃതദേഹം തിരിച്ചറിയാൻ ആവശ്യപ്പെട്ടു. മരിച്ചത് സീമ തന്നെയെന്ന് ബന്ധുക്കൾ ഉറപ്പിച്ചു. പിറ്റേദിവസം സീമയുടെ മൂത്ത മകനെയും പൊലീസ് കൊണ്ടുവന്നു. അവനും അമ്മയുടെ മൃതദേഹം തിരിച്ചറിഞ്ഞു. സീമയെ ഭ‍ർത്താവ് ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ച് ബന്ധുക്കൾ പറയുന്നു. അനിൽ കുമാറും അയാളുടെ ജീവനക്കാരനായ ശിവ് ശങ്കറും അറസ്റ്റിലായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin