ബോക്സ് ഓഫീസിലെ പഞ്ച് ഏറ്റോ? നസ്‍ലെന്‍റെ ‘ആലപ്പുഴ ജിംഖാന’ ആദ്യ ദിനം നേടിയത്

ചുരുങ്ങിയ കാലം കൊണ്ട് ഏറെ ആരാധകരെ നേടിയ നടനാണ് നസ്‍ലെന്‍. ഭാവി സൂപ്പര്‍താര കസേരയുടെ അവകാശികളിലൊരാളായി വിലയിരുത്തപ്പെടുന്ന വളര്‍ച്ചയാണ് ഈ യുവതാരം നേടിയത്. കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന പ്രേമലുവിനും ഐ ആം കാതലനും ശേഷം നസ്‍ലെന്‍ നായകനായ ചിത്രമാണ് ആലപ്പുഴ ജിംഖാന. തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന കൗതുകവും ഈ പ്രോജക്റ്റിന് ഉണ്ടായിരുന്നു. വിഷു റിലീസുകളില്‍ ഹൈപ്പോടെ എത്തിയ ചിത്രവും ഇതായിരുന്നു. പ്രേക്ഷക പ്രതീക്ഷകള്‍ക്കൊപ്പം എത്തിയോ ചിത്രം? ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടുണ്ട്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ ദിനം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 2.75 കോടിയാണ്. ഒരു യുവതാര ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. 

ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്‍ലെന്‍, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ALSO READ : ‘സ്വന്തം അച്ഛനെപ്പോലെയായിരുന്നു’; പ്രിയപ്പെട്ടയാളുടെ വേർപാടിനെക്കുറിച്ച് അശ്വതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin