തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളിലടക്കം രാസലഹരി വ്യാപിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് 2022 നവംബറിൽ നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന പേരിൽ വാർത്ത പരമ്പര പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചത്. കരയും കടലും ആകാശവും ഉപയോഗിച്ച് എത്തുന്ന കോടികളുടെ രാസ ലഹരിയുടെ 10 ശതമാനം പോലും പിടികൂടാൻ കേരളത്തിലെ അന്വേഷണ സംവിധാനങ്ങൾക്ക് കഴിയുന്നില്ല.
വാർത്ത പരമ്പര പുറത്തുകൊണ്ടുവന്ന ഞെട്ടിക്കുന്ന വിവരങ്ങൾക്ക് മേൽ അന്വേഷണം നടത്താത്ത പൊലീസ്, ഏഷ്യാനെറ്റ് ന്യൂസിനെ തന്നെ പ്രതിയാക്കാൻ നടത്തിയ ശ്രമമാണ് കോടതി വിധിയിലൂടെ തകർന്നടിഞ്ഞത്. സ്കൂൾ കുട്ടികൾക്കിടയിൽ ലഹരി വ്യാപകമാകുകയും കൂട്ടുകാരുടെ സ്വാധീനത്താൽ കൂടുതൽ പേരും ലഹിരിസംഘത്തിന്‍റെ വലയിൽ പെട്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തിൽ മാധ്യമങ്ങളും ബോധവത്കരണം നടത്തണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആഹ്വാനം കൂടി കണക്കിലെടുത്താണ് ഏഷ്യാനെറ്റ് ന്യൂസ് ഒരാഴ്ച നീണ്ടുനിന്ന വാർത്ത പരമ്പര ചെയ്തത്.
എംഡിഎംഎ വിൽപനക്കാരെ തേടി ബെംഗളൂരുവിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം മലയാളി യുവാക്കളടക്കം കസ്റ്റമറായെത്തുന്ന ഡാൻസ്ബാറുകളിലെ ലഹരി വിൽപ്പന ഒളി ക്യാമറയിൽ പകർത്തി. നടക്കാവ് പൊലീസ് സ്റ്റേഷന്‍റെ 200 മീറ്ററിപ്പുറം എംഡിഎംഎ വിൽക്കുന്ന ജോബിന്‍റെ ദൃശ്യവും പേരും വിലാസവുമടക്കം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. കോളേജ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ നടത്തുന്നയാളായിട്ടുപോലും ഒരു റെയ്ഡ് നാടകം നടത്തി പൊലീസും എക്സൈസും മടങ്ങി.
ഇൻസ്റ്റഗ്രാമും വാട്സാപ്പ്ഗ്രൂപ്പുമടക്കം ഓൺലൈൻ ലോകത്ത് മയക്കുമരുന്ന് ശ്യംഖല വ്യാപകമായി പ്രവർത്തിക്കുന്നതെങ്ങനെയെന്നും അന്വേഷിച്ചു. ലഹരിക്കടത്തിന് ശിക്ഷിക്കപ്പെട്ടവരോട് സംസാരിച്ചു. മയക്കുമരുന്ന് കച്ചവടക്കാർ തമ്മിലുള്ള പ്രശ്നങ്ങളുടെ പുറത്തോ മറ്റോ ഒറ്റിക്കൊടുത്താൽ പിടികൂടുന്ന സംഭവങ്ങളാണ് മിക്കയിടത്തും നടക്കുന്നത്. രാസ ലഹരി വിൽപനക്കാരെ പിടികൂടിയാൽ തന്നെ അവരോട് സാധനം വാങ്ങുന്നവരെ കണ്ടെത്തി ആ ചങ്ങല തകർക്കാൻ ശ്രമങ്ങൾ ഉണ്ടാകാറില്ല.
അതിനുപുറമെ രാസലഹരി എത്തിക്കുന്ന ഇതര സംസ്ഥാനത്തുള്ള റാക്കറ്റിലേക്കും അന്വേഷണം നീങ്ങുന്നില്ല. ലഹരിക്ക് അടിമയായി സഹോദരൻ മരിച്ചുവെന്നും ഏക അനുജൻ കൂടി ലഹരിസംഘത്തിൽ പെട്ടുപോയെന്നും പൊലീസിനെ അറിയിച്ചിട്ടും ഒരു സഹായവുമില്ലെന്നും തലശ്ശേരിയിലെ ഫൈറൂസയുടെയും ഉമ്മയുടെയും തുറന്നുപറച്ചിലും ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരുടെ മുന്നിലെത്തിച്ചു.
മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് നർക്കോട്ടിക്സ് ഈസ് എ ഡേട്ടി ബിസിനസ് എന്ന അന്വേഷണത്തിലൂടെ തുറന്നുകാട്ടാനായത്. ഈ വാർത്ത പരമ്പരയിലെ തീർത്തും സദുദ്ദേശപരമായ ഒരു ചിത്രീകരണത്തിനെതിരെയായിരുന്നു പിവി അൻവർ എംഎൽഎയുടെ പരാതിയിൽ പൊലീസ് പോക്സോ കേസെടുത്തത്. ഒരു തെളിവുമില്ലെന്ന് പറഞ്ഞ് ഈ കുറ്റപത്രം തന്നെ റദ്ദാക്കിയ ഹൈക്കോടതി വാർത്ത പരമ്പര അഭിനന്ദനം അർഹിക്കുന്നു എന്നുകൂടി പറഞ്ഞുവെച്ചു. കേരളം ഒന്നാകെ ലഹരി വ്യാപനത്തിനെതിരെ കൈകോർത്ത് പോരാടുന്ന ഈ സമയത്ത് തന്നെയാണ് ഹൈക്കോടതി വിധിയെന്നതും ശ്രദ്ധേയമാണ്. പൊലീസ്, രാഷ്ട്രീയ വേട്ടയാടലുകൾക്കിപ്പുറം കൂടുതൽ ശക്തമായി മുന്നോട്ടുപോകാനുള്ള ഊർജമാണ് ഏഷ്യാനെറ്റ് ന്യൂസിന് ഈ ഹൈക്കോടതി വിധി.
ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഉണ്ടായത് സമാനതകളില്ലാത്ത വേട്ടയാടൽ; സര്‍ക്കാരിന് താക്കീതായി ഹൈക്കോടതി വിധി