ധോണി ക്യാപ്റ്റനായി തിരിച്ചെത്തുന്ന മത്സരം, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ
ചെന്നൈ: ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനായി എം എസ് ധോണി ഇന്ന് തിരിച്ചെത്തും. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ചെന്നൈയുടെ എതിരാളികള്‍. ചെന്നൈയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. നായകനായി തിരിച്ചെത്തുന്ന എം എസ് ധോണിക്കൊപ്പം ചെപ്പോക്കിലേക്ക് വിജയവും മടങ്ങിയെത്തുമെന്ന പ്രതീക്ഷയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ധോണി ക്യാപ്റ്റനാവുന്നത് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് പരിക്കേറ്റ് പുറത്തായതോടെയാണ്.
സീസണില്‍ ജയിച്ച് തുടങ്ങിയ ചെന്നൈ തുടര്‍ന്നുളള നാലുകളിയിലും തോറ്റു. 0,30,16, 30, 27 അഞ്ചു മത്സരങ്ങളില്‍ ധോണിയുടെ സ്‌കോറുകളാണിത്. ബാറ്റിംഗിലെ മെല്ലെപോക്കില്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് നാല്‍പത്തിമൂന്നു കാരനായ ധോണി ക്യാപ്റ്റന്റെ റോള്‍ ഏറ്റെടുക്കുന്നത്. 2008ലെ ആദ്യ സീസണ്‍ മുതല്‍ ചെന്നൈയെ നയിച്ച ധോണി 2022ല്‍ ക്യാപ്റ്റന്‍ സ്ഥാനം രവീന്ദ്ര ജഡേജയ്ക്ക് കൈമാറി. ടീം തുടര്‍തോല്‍വികള്‍ നേരിട്ടപ്പോള്‍ സീസണിനിടെ തന്നെ ധോണി നായകസ്ഥാനത്ത് തിരിച്ചെത്തി. കഴിഞ്ഞ സീസണിലാണ് ധോണിയുടെ പിന്‍ഗാമിയായി സിഎസ്‌കെ റുതുരാജിനെ നായകനായി പ്രഖ്യാപിച്ചത്.
ചരിത്രത്തില്‍ ആദ്യമായി ചെപ്പോക്കില്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വി എന്ന നാണക്കേട് ഒഴിവാക്കുകയാണ് ധോണിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഒപ്പം ബാറ്റിംഗിലെ താളവും വേഗവും വീണ്ടെടുക്കണം. റുതുരാജിന് പകരം രാഹുല്‍ ത്രിപാഠി ടീമിലെത്തും. രച്ചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വേ ഓപ്പണിംഗ് ജോഡി റണ്‍സ് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും മധ്യനിരയുടെ മങ്ങിയ ഫോം ഇപ്പോഴും ആശങ്ക. അശ്വിന്‍, നൂര്‍ അഹമ്മദ്, രവീന്ദ്ര ജഡേജ സ്പിന്‍ ത്രയത്തിലൂടെ കളി പിടിക്കാനാവും ധോണിയുടെ ശ്രമം.
കരീബിയന്‍ കരുത്തായ സുനില്‍ നരൈനും ആന്ദ്രേ റസലും പ്രതീക്ഷിച്ച മികവിലേക്ക് എത്തിയിട്ടില്ലെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിംഗ് നിര ശക്തം. ഡി കോക്കും രഹാനെയും വെങ്കിടേഷ് അയ്യരും റിങ്കു സിംഗുമെല്ലാം അപകടകാരികള്‍. ചെപ്പോക്കിലെ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുന്നതിനാല്‍ സ്‌പെന്‍സര്‍ ജോണ്‍സന് പകരം മോയിന്‍ അലി വരുണ്‍ ചക്രവര്‍ത്തിയുടെ ബൗളിംഗ് പങ്കാളിയാവും. നേര്‍ക്കുനേര്‍ പോരില്‍ ചെന്നൈ മുന്നില്‍. മുപ്പത് കളിയില്‍ പത്തൊന്‍പതിലും ജയം ചെന്നൈയ്ക്ക്. കൊല്‍ക്കത്ത ജയിച്ചത് പത്ത് കളിയില്‍ മാത്രം. ഒരുമത്സരം ഉപേക്ഷിച്ചു.