ദില്ലിയിൽ നിന്നുള്ള യാത്രക്കാരൻ, സുരക്ഷാജീവനക്കാരെ കണ്ട് പരുങ്ങി, പരിശോധനയിൽ കണ്ടെത്തിയത് 4 സാറ്റലൈറ്റ് ഫോണുകൾ
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നാല് സാറ്റലൈറ്റ് ഫോണുകളുമായി യാത്രക്കാരൻ പിടിയിൽ. ദില്ലിയിൽ നിന്നെത്തിയ കൗഷൽ ഉമാംഗിനെയാണ് വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം പിടികൂടിയത്. രാജ്യത്ത് സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗത്തിന് നിയന്ത്രണമുളളതിനാൽ ഇയാൾ എന്തിനാണ് ഇത് കൈവശം വച്ചതെന്നടക്കം പരിശോധിക്കും. കൗഷൽ ഉമാംഗിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സാറ്റലൈറ്റ് ഫോണുകളുൾ കോടതിയിൽ ഹാജരാക്കും.
2024 ഡിസംബറിലും കൊച്ചി വിമാനത്താവളത്തിൽ നിന്ന് സാറ്റലൈറ്റ് ഫോൺ പിടികൂടിയിരുന്നു. സിംഗപ്പൂർ വിമാനത്തിൽ കയറാനെത്തിയ കനേഡിയൻ പൌരന്റെ പക്കൽ നിന്നാണ് സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയത്. ഇയാൾ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണിന് നിരോധമുള്ള വിവരം തനിക്ക് അറിയില്ലെന്നായിരുന്നു ഇയാൾ പറഞ്ഞത്. ഇന്ത്യൻ ടെലികോം ചട്ടങ്ങൾ അനുസരിച്ച് രാജ്യത്ത് സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗത്തിന് നിരോധിച്ചിട്ടുണ്ട്.
2025 ഫെബ്രുവരി മൂന്നാം വാരത്തിൽ ഇസ്രയേലി പൌരനായ 75കാരന്റെ കയ്യിൽ നിന്ന് സാറ്റലൈറ്റ് ഫോൺ പിടികൂടിയിരുന്നു. കോട്ടയത്ത് വച്ചായിരുന്നു ഇത്. അനുമതി ഇല്ലാതെ സാറ്റലൈറ്റ് ഫോൺ കൈവശം വച്ച ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. തേക്കടിയിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ദുബായിൽ നിന്നാണ് ഇയാൾ സാറ്റലൈറ്റ് ഫോൺ വാങ്ങിയത്.