തീരുവയേക്കാള്‍ തിരിച്ചടി ആഗോളമാന്ദ്യം നൽകും; ആശങ്കയിൽ ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളായ അമേരിക്കയും ചൈനയും വലിയ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെങ്കില്‍, നിലവിലെ താരിഫ് യുദ്ധം വരുത്തിവയ്ക്കുന്ന എന്തിനേക്കാളും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അത് ഇന്ത്യയില്‍ ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. തീരുവ നടപ്പാക്കുന്നതില്‍  ചൈനയ്ക്കൊഴികെ മറ്റ് രാജ്യങ്ങള്‍ക്ക് 90 ദിവസത്തെ സാവകാശം നല്‍കിയെങ്കിലും മാന്ദ്യ സാധ്യത കുറയ്ക്കില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍. 

യുഎസും ചൈനയും മാന്ദ്യത്തിലേക്കോ?

സര്‍ക്കാര്‍ നയങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം തുടരുന്നതിനാല്‍ ഈ വര്‍ഷം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ മാന്ദ്യം ഉണ്ടാകുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്ക്സിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചൈന നെഗറ്റീവ് ജിഡിപി വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തേക്കില്ലെങ്കിലും, താരിഫുകളുടെ ഫലമായി വലിയ മാന്ദ്യം നേരിടേണ്ടിവരുമെന്നും മാന്ദ്യത്തിന് സമാനമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നുമാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. 
രണ്ട് രാജ്യങ്ങളും ഒരേസമയം തകരുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ പിന്നോട്ടടിക്കും. ഇത് ഇന്ത്യന്‍ സാമ്പത്തിക രംഗത്തിനും കടുത്ത വെല്ലുവിളിയാണ്.

ചൈനയുടെ തകര്‍ച്ച ഇന്ത്യക്ക് ഗുണകരമോ?

തുണിത്തരങ്ങള്‍ പോലുള്ളവ ഉല്‍പ്പാദിപ്പിക്കുന്ന മേഖലകളില്‍ ഇന്ത്യയുടെ ഉല്‍പാദനം വര്‍ധിച്ചേക്കാം. പക്ഷേ ആഗോള മാന്ദ്യത്തിന്‍റെ വിശാലമായ ആഘാതം പരിഹരിക്കാന്‍ ഈ ചെറിയ നേട്ടങ്ങള്‍ ഇന്ത്യക്ക് ഗുണകരമല്ല. യുഎസ് പുതിയ താരിഫുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ആഗോള വ്യാപാരത്തില്‍ വര്‍ദ്ധിച്ചുവരുന്ന അനിശ്ചിതത്വം ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് ഈ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം കുറച്ചിരുന്നു. ഡിമാന്‍ഡ് കുറയുന്നതും, പണലഭ്യത കുറയുന്നതും, പുതിയ ആഗോള അപകടസാധ്യതകളും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് 6% ആക്കിയത്. മൂഡീസ് അനലിറ്റിക്സും ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ചിട്ടുണ്ട്. 2025 ല്‍ സമ്പദ്വ്യവസ്ഥ 6.1% വളരുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. മാര്‍ച്ചില്‍  പ്രവചിച്ചതിനേക്കാള്‍ 30 ബേസിസ് പോയിന്‍റ് കുറവാണിത്.

By admin