വംശീയമായ അധിക്ഷേപങ്ങളും വിദ്വേഷങ്ങളും വച്ചുപുലർത്തുന്ന ഒരുപാടാളുകൾ നമുക്ക് ചുറ്റുമുണ്ട്. ലോകം മാറുന്നു, പുരോഗമിക്കുന്നു എന്നൊക്കെ പറയുമ്പോഴും ഇത്തരം വിവേചനങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ കാണാറുണ്ട്. അതിപ്പോൾ ഇന്ത്യയ്ക്ക് അകത്തായാലും പുറത്തായാലും അങ്ങനെ തന്നെ. അതുപോലെ ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് കാരണമായി തീർന്നു.
ഡൽഹി മെട്രോയിൽ വെച്ച് ഡൽഹിയിൽ നിന്നുള്ള ഒരു സ്ത്രീ തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്നാണ് വീഡിയോയിൽ യുവതി ആരോപിക്കുന്നത്. നോർത്ത് ഈസ്റ്റിൽ നിന്നുള്ള യുവതിയാണ് വീഡിയോ പങ്കുവച്ചത്. ‘മോമോ’, ‘ചൈന’ തുടങ്ങിയ വംശീയ പരാമർശങ്ങൾ തനിക്കെതിരെ ഇവർ നടത്തിയെന്നാണ് യുവതി പറയുന്നത്.
വീഡിയോയിൽ യുവതി തന്നെത്തന്നെ ഷൂട്ട് ചെയ്യുന്നതാണ് കാണുന്നത്. മെട്രോ സ്റ്റേഷനിൽ വച്ചാണ് യുവതി വീഡിയോ ഷൂട്ട് ചെയ്യുന്നത്. ആ സമയത്ത് അവൾക്കരികിലായി ഒരു സ്ത്രീയും നിൽക്കുന്നത് കാണാം. കുറച്ച് കഴിയുമ്പോൾ അവർ അസ്വസ്ഥതയോടെ അവിടെ നിന്നും മാറിപ്പോകുന്നതാണ് കാണുന്നത്. അവരാണ് യുവതിയെ വംശീയമായി അധിക്ഷേപിച്ചത് എന്നാണ് കരുതുന്നത്. യുവതി അവരെ തന്നെ നോക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്.
ഡൽഹിയിലെ ആളുകൾ തന്നെ ‘ചൈനീസ്’ എന്നോ മോമോ’ എന്നോ വിളിക്കുമ്പോൾ തനിക്ക് ഒരിക്കലും ദേഷ്യം തോന്നാറില്ല. അത് ഒരു അഭിനന്ദനമായിട്ടാണ് താൻ കരുതുന്നത് എന്നാണ് യുവതി പറയുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. മിക്കവരും യുവതിയെ പിന്തുണച്ച് കൊണ്ടാണ് കമന്റുകൾ നൽകിയിരിക്കുന്നത്. അതുപോലെ തന്നെ യുവതിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു എന്ന് കമന്റുകൾ നൽകിയവരുണ്ട്. വംശീയമായ അധിക്ഷേപങ്ങളെയും വിവേചനങ്ങളെയും അപലപിച്ചുകൊണ്ട് കമന്റുകൾ നൽകിയവരും ഒരുപാടുണ്ട്.