എന്തിനാണിത്ര സിറിഞ്ച്? മെഡിക്കല്‍ ഷോപ്പ് ജീവനക്കാരുടെ സംശയത്തിൽ കുടുങ്ങിയത് ഹെറോയിന്‍ വില്‍പനക്കാരിലെ പ്രധാനി
കോഴിക്കോട്: ബംഗ്ലാദേശില്‍ നിന്ന് കേരളത്തിലേക്ക് ഹെറോയിന്‍ എത്തിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍. കല്‍സര്‍ അലി(29)യെയാണ് കോഴിക്കോട് പുല്ലാളൂരില്‍ വച്ച് എക്‌സൈസ് സംഘം പിടികൂടിയത്. അസാധാരണമായ വിധം ഇയാള്‍ സിറിഞ്ചുകള്‍ വാങ്ങാനെത്തിയിരുന്നത് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരില്‍ സംശയമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് എക്‌സൈസ് സംഘത്തിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ബംഗ്ലാദേശില്‍ നിന്നാണ് ഇയാള്‍ കേരളത്തിലേക്ക് ഹെറോയിന്‍ എത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയില്‍ ലഹരി വില്‍പന നടത്തുന്നവരില്‍ പ്രധാനിയാണിയാള്‍. ഗ്രാമിന് 1000 രൂപ നിരക്കില്‍ വാങ്ങിയിരുന്ന ഹെറോയിന്‍ 2000 രൂപയ്ക്കാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ വില്‍പന നടത്തിയിരുന്നത്. ബംഗ്ലാദേശില്‍ നിന്നും ഹെറോയിന്‍ എത്തിക്കുന്ന മുഖ്യസൂത്രധാരനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോഴിക്കോട് എക്‌സൈസ് സിഐ ടി രാജീവ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ഉണ്ണിക്കൃഷ്ണന്‍, പ്രവന്റീവ് ഓഫീസര്‍ കെ പ്രവീണ്‍ കുമാര്‍, കെ ജുബീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെകെ രസൂണ്‍ കുമാര്‍, എഎം അഖില്‍, കെ ദീപക്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ഒടി മനോജ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടിച്ചത്.