ഇത് യുകെയിൽ നടക്കില്ല, ഇന്ത്യയിലേ നടക്കൂ, ശരിക്കും അമ്പരപ്പിച്ചു; വീഡിയോയുമായി ബ്രിട്ടീഷ് യൂട്യൂബർ 

പല രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് സന്ദർശനത്തിനായി ആളുകൾ എത്താറുണ്ട്. ഇന്ത്യയിലെ സ്ഥലങ്ങൾ കാണുക, സംസ്കാരം അടുത്തറിയുക, ഭക്ഷണം ആസ്വദിക്കുക തുടങ്ങി ഒരുപാട് ലക്ഷ്യങ്ങളോടെയാണ് അവരിൽ മിക്കവരും എത്തുന്നത്. പല ഇൻഫ്ലുവൻസർമാരും അവരുടെ അനുഭവങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ട് വഴി ഷെയർ ചെയ്യാറുമുണ്ട്. അതുപോലെ, ഒരു ബ്രിട്ടീഷ് യൂട്യൂബർ ഇന്ത്യയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 

യാത്രയുടെ പകുതിയിൽ ട്രെയിനിൽ ഭക്ഷണം എത്തിച്ച് തരുമെന്നത് തന്നെ അത്ഭുതപ്പെടുത്തി എന്നാണ് ഈ യൂട്യൂബർ പറയുന്നത്. കാൺപൂർ സെൻട്രലിൽ തന്റെ ട്രെയിൻ അഞ്ച് മിനിറ്റ് മാത്രം നിർത്തിയപ്പോൾ എങ്ങനെയാണ് തനിക്ക് ഭക്ഷണം എത്തിച്ച് തന്നത് എന്നും യുവാവ് വിശദീകരിക്കുന്നു. 

‘യുകെ ഇത് ശ്രദ്ധിക്കണം’ എന്ന് പറഞ്ഞുകൊണ്ടാണ് ജോർജ്ജ് ബക്ക്ലി ഇക്കാര്യം പറയുന്നത്. ട്രെയിനിലിരുന്ന് തന്നെ ഭക്ഷണം ഓർഡർ ചെയ്ത് അതെങ്ങനെ ലഭിക്കും എന്നതിനെ കുറിച്ചാണ് ഇയാൾ പറയുന്നത്. ഇന്ത്യക്കാരനായ ഒരു സഹയാത്രികനാണ് ഭക്ഷണം ഓർഡർ ചെയ്യാൻ തന്നെ സഹായിച്ചത് എന്നും അയാൾക്ക് നന്ദി എന്നും പോസ്റ്റിൽ പറയുന്നുണ്ട്. 

സൊമാറ്റോ ആപ്പ് വഴിയാണ് യുവാവിന്റെ സഹയാത്രികൻ ഭക്ഷണം ഓർഡർ ചെയ്യുന്നത്. സാൻഡ്‍വിച്ചാണ് ഓർഡർ ചെയ്തത്. കാൺപൂർ റെയിൽവേ സ്റ്റേഷനിൽ വെറും അഞ്ച് മിനിറ്റാണ് വണ്ടി നിർത്തിയത്. ആ സമയത്ത് ഭക്ഷണം എത്തിച്ച് കിട്ടിയത് യുവാവിനെ അമ്പരപ്പിച്ചിട്ടുണ്ട്. ഇതൊരിക്കലും യുകെയിൽ നടക്കില്ല എന്നാണ് യുവാവ് പറയുന്നത്. 

എന്തായാലും, വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. പലരും ‘യുകെയിൽ ഇത് നടക്കില്ല’ എന്ന് കമന്റ് നൽകിയിട്ടുണ്ട്. 

ഒരാഴ്ച ഭാര്യയ്ക്ക് കഴിക്കാനുള്ള ഭക്ഷണമുണ്ടാക്കി ഫ്രിഡ്ജിൽ വച്ചു, ഭർത്താവിന്റെ കരുതൽ കണ്ട് ഞെട്ടി നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin