ബെംഗളൂരു: ബെംഗളൂരുവിൽ സംസാരിച്ച് കൊണ്ടിരുന്ന യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം. നഗരത്തിലെ പാർക്കിന് പുറത്ത് സ്കൂട്ടറിൽ സംസാരിച്ച് കൊണ്ടിരുന്ന യുവതിക്കും യുവാവിനും നേരെയാണ് ആക്രമണമുണ്ടായത്. അഞ്ച് പേർ ചേർന്ന് ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന്റെ വീഡിയോയും പുറത്തായി. സ്ത്രീ എവിടെയാണെന്ന് അവളുടെ കുടുംബത്തിന് അറിയാമോ എന്ന് അക്രമികൾ ചോദിക്കുന്നത് വീഡിയോയിൽ കാണാം.
അന്യ മതത്തിൽപ്പെട്ട സ്ത്രീയുമായി എന്തിനാണ് സമയം ചെലവഴിക്കുന്നതെന്ന് യുവാവിനോട് ചോദിക്കുകയും ഇരുവരെ അധിക്ഷേപിക്കുകയും ചെയ്തു. യുവതിയോട് നിങ്ങൾക്ക് നാണമുണ്ടോ എന്ന് ചോദിച്ചു. അക്രമികൾ മരക്കഷ്ണം ഉപയോഗിച്ച് യുവാവിനെ മർദ്ദിച്ചെന്നും പറയുന്നു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഗിരീഷ് പറഞ്ഞു. അതേസമയം, ശാരീരികമായ അക്രമം നടന്നെന്ന ആരോപണം പൊലീസ് നിഷേധിച്ചു. സംസ്ഥാനത്ത് ഒരു തരത്തിലുള്ള സദാചാര പൊലീസിംഗും സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും ഇത് ബീഹാറോ ഉത്തർപ്രദേശോ മധ്യപ്രദേശോ അല്ലെന്നും കർണാടക പുരോഗമന സംസ്ഥാനമാണെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.