ആറാട്ടെഴുന്നള്ളത്ത് പടിഞ്ഞാറെ നടവഴി എയർപോർട്ട് റൺവേ കടന്ന് ശംഖുംമുഖത്ത്, പൈങ്കുനി ഉത്സവത്തിന് ആറാട്ടോടെ സമാപനം
തിരുവനന്തപുരം: ആചാരങ്ങളും ഉപചാരങ്ങളും വഴിയൊരുക്കി. ശ്രീ പദ്മനാഭസ്വാമിയ്ക്ക് ശംഖുംമുഖം കടലിൽ ആറാട്ട്. ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ആറാട്ടോടെ സമാപനം. വൈകിട്ട് അഞ്ചിന് ആനയമ്പാരി സഹിതം ആറാട്ട് ഘോഷയാത്ര പടിഞ്ഞാറെ നടവഴി പുറത്തിറങ്ങി എയർപോർട്ടിലെ റൺവേയിലൂടെ ശംഖുംമുഖത്തേക്ക്. ക്ഷേത്രത്തിലെ ശീവേലിപ്പുരയില്‍ സ്വര്‍ണഗരുഡവാഹനത്തില്‍ ശ്രീപദ്മനാഭസ്വാമിയെയും വെള്ളിവാഹനങ്ങളില്‍ തെക്കേടത്ത് നരസിംഹമൂര്‍ത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവരുടെ വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചു.
ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ പള്ളിവാളേന്തി അകമ്പടി ചേര്‍ന്നു. നഗരത്തിലെ നാല് ക്ഷേത്രങ്ങളില്‍ നിന്നുള്ള വിഗ്രഹങ്ങള്‍ കൂടിയാറാട്ടിനായി ഒപ്പം ചേര്‍ന്നു. സായുധപൊലീസും കരസേനയുടെ അംഗങ്ങളൂം ആചാരബഹുമതി നല്‍കി. വേല്‍ക്കാര്‍,കുന്തക്കാര്‍, പൊലീസിന്‍റെ ബാന്‍ഡ് സംഘവും അകമ്പടി സേവിച്ചു. ആചാരവെടിയോടെ ഘോഷയാത്ര പടിഞ്ഞാറെ നട കടന്നു. വള്ളക്കടവില്‍ നിന്ന് വിമാനത്താവളത്തിനകത്തു കൂടിയാണ് ഘോഷയാത്ര കടന്നുപോയത്. ഘോഷയാത്രയ്ക്കായി ഇന്ന് വൈകുന്നേരം 4.45 മുതൽ രാത്രി ഒമ്പത് വരെയുള്ള സമയങ്ങളിൽ വിമാന സർവീസുകൾ നിയന്ത്രിച്ചിരുന്നു.
ഇതേസമയം ശ്രീപത്മനാഭനും ഭക്തർക്കും യാത്രക്കായി വിമാനത്താവളത്തിന്‍റെ കവാടം തുറന്നുകൊടുത്തു. നൂറുകണക്കിന് ഭക്തരായിരുന്നു ഘോഷയാത്രയെ അനഗമിച്ചെത്തിയത്. പതിറ്റാണ്ടുകളായി വിമാനത്താവളത്തിന്‍റെ റൺവേ മുറിച്ചു കടന്നുപോകാനുള്ള ആചാരപരമായ ഘോഷയാത്രയെ തടസപ്പെടുത്താതിരിക്കാന്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ഫ്‌ലൈറ്റ് ഷെഡ്യൂളുകള്‍ ക്രമീകരിക്കുകയും ചെയ്യാറുണ്ട്. ഇത്തവണയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വിവരം അതത് വിമാനകമ്പനികൾ യാത്രക്കാരെ അറിയിച്ചിരുന്നു.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ അല്‍പശി ആറാട്ടിനും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ പൈങ്കുനി ആറാട്ടിലുമാണ് വിമാനത്താവളം നിശ്ചിത സമയത്തേക്ക് അടച്ചിടുന്നത്.പടിഞ്ഞാറെകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ടെഴുന്നള്ളത്ത് പോകുന്നതും മടങ്ങുന്നതും. ഇതിന്റെ ഭാഗമായാണ് വർഷത്തിൽ രണ്ടുദിവസം വിമാനത്താവളം അടച്ചിടുന്നത്.1932ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിരതിരുനാളിന്‍റെ നേതൃത്വത്തിലാണ് തിരുവനന്തപുരം വിമാനത്താവളം ശംഖുമുഖത്തിന് സമീപത്തായി രൂപം കൊണ്ടത്.
അതിനുമുൻപ് തന്നെ ശ്രീപത്മനാഭന്‍റെ ആറാട്ട് എഴുന്നള്ളത്തിനായി നിശ്ചിത യാത്രാമാർഗമുണ്ടായിരുന്നു. ആ പാതയുണ്ടായിരുന്നയിടത്താണ് പിന്നീട് വിമാനത്താവളത്തിന്‍റെ റൺവേ തയാറാക്കിയത്. ശ്രീപത്മനാഭന്‍റെ ആറാട്ടിന് ഈ പാത തന്നെ ഉണ്ടായിരിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ കേന്ദ്രസർക്കാരുമായി ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്നും പിന്തുടരുന്നത്. ശംഖുമുഖം ആറാട്ട് മണ്ഡപത്തിലെ പൂജകള്‍ക്ക് ശേഷം വിഷ്ണു നാമങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ വിഗ്രഹങ്ങള്‍ സമുദ്രത്തില്‍ ആറാടിച്ചു. തന്ത്രി തരണനല്ലൂര്‍ സതീശന്‍നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട്, പെരിയനമ്പി, പഞ്ചഗവ്യത്തു നമ്പി എന്നിവര്‍ കാര്‍മികരായി. രാത്രിയോടെ ഘോഷയാത്ര ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് കൊടിയിറക്കും നടന്നു. നാളെ ആറാട്ട് കലശത്തോടെ ഉത്സവ ചടങ്ങുകള്‍ സമാപിക്കും.