ഹിയറിങിന് വിചിത്രമായ ആവശ്യവുമായി എൻ പ്രശാന്ത്; അസാധാരണ നടപടി, ‘ലൈവ് സ്ട്രീം ചെയ്യണം, റെക്കോഡിങും വേണം’

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെന്‍ഷനിലായ എൻ പ്രശാന്തിനെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഹിയറിങിന് വിളിച്ചതിന് പിന്നാലെ വിചിത്ര ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് എൻ പ്രശാന്ത്. ഹിയറിങ് റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്യണമെന്നുമാണ് എൻ പ്രശാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹിയറിങിന്‍റെ ഓ‍ഡ‍ിയോയും വീഡിയോയുപം റെക്കോര്‍ഡ് ചെയ്യുന്നതിനൊപ്പം തത്സമയ സ്ട്രീമിങ് വേണമെന്ന അസാധാരണ ആവശ്യമാണ് പ്രശാന്ത് മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ചീഫ് സെക്രട്ടറിക്ക് എൻ പ്രശാന്ത് വീണ്ടും കത്തയച്ചു. ഏപ്രിൽ 16ന് വൈകിട്ട് 4.30ന് ഹിയറിങിന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി എൻ പ്രശാന്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രശാന്തിനെതിരെ വകുപ്പ് തല നടപടിക്ക് മുന്നോടിയായി വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ആലോചിക്കുമ്പോഴാണ് ഹിയറിങ് ആവശ്യപ്പെട്ടത്. വ്യക്തിപരമായ ഹിയറിങ് ലൈവ് സ്ട്രീമിങ് ആവശ്യപ്പെടുന്നത് അസാധാരണ നടപടിയാണെന്നാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഐഎഎസ് സര്‍വീസ് ചട്ടത്തിൽ അത്തരം കാര്യം പറയുന്നില്ല. തെളിവ് എന്ന നിലയിൽ വീഡിയോ റെക്കോര്‍ഡിങ് ആവശ്യപ്പെടാമെങ്കിലും ലൈവ് സ്ട്രീമിങ് അസാധാരണമാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടികാണിക്കുന്നു.

പൊതുതാല്‍പര്യം പരിഗണിച്ചാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടതെന്നാണ് പ്രശാന്തിന്‍റെ ന്യായീകരണം. തന്നെ കേള്‍ക്കാൻ ചീഫ് സെക്രട്ടറി തയ്യാറാകണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കത്ത് നൽകിയിരുന്നു. നോട്ടീസിനു മറുപടിയായി പ്രശാന്ത് നിരവധി കത്തുകൾ ചീഫ് സെക്രട്ടറിക്ക് നൽകിയിരുന്നു. എന്നാൽ ഇതെല്ലാം തിരിച്ചു വിശദീകരണം ചോദിക്കലാണെംന്നും  മറുപടിയായി കണക്കാക്കാനാകില്ലെന്നുമാണ് സർക്കാർ നിലപാട്.

കുറ്റം ചെയ്തോ ഇല്ലയോ എന്നാണ് പ്രശാന്ത് വ്യക്തമാക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അടുത്തയാഴ്ച ഹിയറിങ് നടത്തുന്നത്. സസ്പെന്‍ഷനെ ചൊല്ലി ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിൽ പരസ്യമായി വാക്പോര് തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകുന്നത്. കഴിഞ്ഞ നവംബറിലാണ് എൻ പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്യുന്നത്. 

എൻ പ്രശാന്ത് ഐഎഎസിൻ്റെ സസ്പെൻഷൻ; പ്രശാന്തിന്‍റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

By admin