‘സ്വന്തം അച്ഛനെപ്പോലെയായിരുന്നു’; പ്രിയപ്പെട്ടയാളുടെ വേർപാടിനെക്കുറിച്ച് അശ്വതി

ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി എന്ന പ്രിസല്ല ജെറിൻ. അല്‍ഫോണ്‍സാമ്മ എന്നു പറഞ്ഞാൽ തന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസിലേക്ക് അശ്വതിയുടെ മുഖമാകും ഓടിയെത്തുക. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി കുങ്കുമപ്പൂവിൽ വില്ലത്തിയായാണ് അശ്വതി പ്രത്യക്ഷപ്പെട്ടത്. മിനിസ്ക്രീനിൽ തിരക്കുള്ള താരമായി നിൽക്കുമ്പോഴായിരുന്നു അശ്വതിയുടെ വിവാഹം. വിവാഹശേഷം താരം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല. എന്നാൽ ഒരിടവേളയ്ക്ക് ശേഷം സുരഭിയും സുഹാസിനിയും എന്ന ഹാസ്യപരമ്പരയിലൂടെ മടങ്ങിയെത്തുകയും ചെയ്തിരുന്നു.

തനിക്കു പ്രിയപ്പെട്ട ഒരാളുടെ മരണവാർത്തയാണ് അശ്വതി ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. അശ്വതിയുടെ ഭർത്താവിന്റെ അച്ഛൻ തങ്ങളെ വിട്ടുപിരിഞ്ഞ വാർത്തയാണ് താരം അറിയിച്ചത്. ”നിറഞ്ഞ ഹൃദയഭാരത്തോടെയാണ് ഞങ്ങള്‍ ഈ വാര്‍ത്ത പങ്കുവെക്കുന്നത്. എന്റെ ഭര്‍തൃപിതാവ് മാത്രമല്ല അദ്ദേഹം, എനിക്ക് അദ്ദേഹം സ്വന്തം അച്ഛന്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കണം”,  ഭർതൃപിതാവിന്റെ ചിത്രത്തിനൊപ്പം അശ്വതി കുറിച്ചു. പോസ്റ്റിനു താഴെ സെലിബ്രിറ്റികളടക്കം നിരവധി പേർ അശ്വതിയെ ആശ്വസിപ്പിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

വര്‍ക്കൗട്ട് ചലഞ്ചും, സിനിമാ ചര്‍ച്ചകളുമെല്ലാമായിട്ടാണ് അശ്വതി സോഷ്യല്‍മീഡിയയില്‍ നിറയാറുള്ളത്. എന്നാല്‍ ഇതിനിടക്ക് ബിഗ് ബോസ് വിലയിരുത്തലുകളിലൂടെയും താരം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഓരോ ദിവസവും ബിഗ്‌ബോസ് വീട്ടില്‍ നടക്കുന്ന കാര്യങ്ങളെ തന്റേതായ കാഴ്ചപ്പാടിലൂടെ വിശദീകരിക്കുന്ന അശ്വതിയുടെ പോസ്റ്റുകളെല്ലാം വൈറലായിരുന്നു.

യുഎഇയില്‍ ബിസിനസ് ചെയ്യുന്ന ജെറിനാണ് അശ്വതിയുടെ ഭര്‍ത്താവ്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം അശ്വതിയും യുഎഇയില്‍ ആയിരുന്നു താമസം. ഒൻപതു വർഷത്തോളം അഭിനയത്തിൽ നിന്നും ഇടവേളയെടുത്തതിനു ശേഷമാണ് താരം സുരഭിയും സുഹാസിനിയും എന്ന പരമ്പരയിലൂടെ മടങ്ങിയെത്തിയത്. മല്ലിക സുകുമാരനും അനുമോളുമടക്കം നിരവധി പേർ ഈ പരമ്പരയിൽ അഭിനയിക്കുന്നുണ്ട്.

ALSO READ : ‘കാറിൽ സ്ഥലമില്ലെന്നു പറഞ്ഞ് ലിഫ്റ്റ് തരാതിരുന്ന സുഹൃത്തുക്കളുണ്ട്’; അമൃത നായർ പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin