സോപ്പ് തീർന്നുപോയോ? പാത്രം കഴുകൽ നിർത്തേണ്ട; ഇത്രയേ ചെയ്യാനുള്ളൂ 

നിങ്ങൾ ദൂരേക്കെവിടെയെങ്കിലും യാത്ര പോകാൻ ഇറങ്ങുന്ന സമയത്ത് ഒരു കുന്ന് പാത്രം കഴുകി വൃത്തിയാക്കാനുണ്ടെന്ന് വിചാരിക്കുക. അതേസമയം പാത്രം കഴുകുന്ന സോപ്പും തീർന്നുപോയെന്ന് കരുതൂ. നിങ്ങൾ എങ്ങനെ പാത്രങ്ങൾ കഴുകി വൃത്തിയാക്കും. എന്നാൽ സോപ്പ് ഇല്ലാതെയും അടുക്കളയിലെ പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. എങ്ങനെയെന്നല്ലേ? ഈ രീതിയിൽ ചെയ്ത് നോക്കൂ. 

ചൂട് വെള്ളം 

ചൂട് വെള്ളം ഉപയോഗിച്ച് എളുപ്പത്തിൽ പാത്രങ്ങൾ കഴുകാൻ സാധിക്കും. അതിന് ഇത്രയേ നിങ്ങൾ ചെയ്യേണ്ടതുള്ളൂ. തിളപ്പിച്ച വെള്ളം വൃത്തിയാക്കേണ്ട പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കാം. ഇത് പാത്രത്തിൽ തങ്ങി നിൽക്കുന്ന കറയെയും അണുക്കളെയും എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്നു.

ബേക്കിംഗ് സോഡ 

വെള്ളം ഉപയോഗിച്ച് പാത്രം കഴുകിയതിന് ശേഷം അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കണം. 10 മിനിട്ടോളം അങ്ങനെ തന്നെ വെച്ചതിന് ശേഷം പാത്രം നന്നായി ഉരച്ച് കഴുകിയാൽ മതി. എളുപ്പത്തിൽ പാത്രം വൃത്തിയായി കിട്ടും.

ഉപ്പും നാരങ്ങയും 

ഉപ്പും നാരങ്ങയും ഉപയോഗിച്ച് പാത്രങ്ങൾ വൃത്തിയായി കഴുകാൻ സാധിക്കും. ഉപ്പ് പാത്രത്തിൽ അടിഞ്ഞുകൂടിയ അഴുക്കിനെ തുരത്തുമ്പോൾ നാരങ്ങ പാത്രത്തിലുള്ള അണുക്കളെയും ദുർഗന്ധത്തെയും അകറ്റുന്നു. ശേഷം ചൂട് വെള്ളം ഉപയോഗിച്ച് പാത്രം കഴുകിയെടുക്കാവുന്നതാണ്.

വിനാഗിരി 

വിനാഗിരിയും വെള്ളവും ചേർത്ത് മിശ്രിതം തയ്യാറാക്കിയതിന് ശേഷം ഇത് വൃത്തിയാക്കേണ്ട പാത്രത്തിലേക്ക് സ്പ്രേ ചെയ്ത് കൊടുക്കണം. ശേഷം സ്പോഞ്ച് ഉപയോഗിച്ച് ഉരച്ച് കഴുകാവുന്നതാണ്. 

കഞ്ഞിവെള്ളം 

ഒരു പാത്രത്തിൽ കഞ്ഞിവെള്ളം എടുത്തതിന് ശേഷം അതിലേക്ക് സ്പോഞ്ച് മുക്കിയെടുക്കാം. ശേഷം വൃത്തിയാക്കേണ്ട പാത്രത്തിൽ സ്പോഞ്ച് ഉപയോഗിച്ച് ഉരച്ച് കഴുകണം. കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച്ച് പാത്രത്തിലെ അഴുക്കിനെ എളുപ്പത്തിൽ വൃത്തിയാക്കുന്നു. ശേഷം ചൂടുവെള്ളത്തിൽ പാത്രം കഴുകിയെടുക്കാവുന്നതാണ്. 

മങ്ങിയ വെള്ളവസ്ത്രങ്ങൾ വെട്ടിത്തിളങ്ങും; ഇത്രയേ ചെയ്യാനുള്ളൂ

By admin