മലയാള സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനാണ് ഷാജി കുമാർ. പുലിമുരുകൻ, നരൻ, പോക്കിരി രാജ തുടങ്ങി ഒട്ടനവധി മികച്ച സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ഷാജി ഇപ്പോൾ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലാണ് പ്രവർത്തിക്കുന്നത്. സിനിമയെ കുറിച്ചും സുരേഷ് ഗോപിയെ പറ്റിയും ഷാജി കുമാർ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. ഇനി വരാനിരിക്കുന്നത് ഒറ്റക്കെമ്പന്റെ വലിയൊരു ഷെഡ്യൂൾ ആണെന്നും അദ്ദേഹം പറയുന്നു.
‘സുരേഷേട്ടൻ അദ്ദേഹം എന്താണെന്ന് ഏത് കൊച്ചിനായാലും അറിയാം. പെട്ടെന്ന് പിണങ്ങും, അല്ലെങ്കിൽ നല്ലൊരു മനസിന് ഉടമ. എന്നൊക്കെയാണ് പറയുന്നതും അതുതന്നെയാണ് അദ്ദേഹവും. പറയുന്നത് പോലെ പ്രവർത്തിക്കുന്ന ആളാണ്. സുരേഷേട്ടൻ ഞങ്ങൾക്ക് കേന്ദ്ര മന്ത്രിയല്ല. ഞങ്ങടെ ഒറ്റക്കൊമ്പനാണ്. ഒറ്റക്കൊമ്പന്റേതായി വരാനിരിക്കുന്ന ഷെഡ്യൂൾ വലുതാണ്. നിലവിൽ രണ്ട് ഷെഡ്യൂൾ കഴിഞ്ഞു’, എന്നാണ് ഷാജി കുമാർ പറഞ്ഞത്. കാൻ ചാനൽ മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ കുറച്ച് കാലമായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ഒറ്റക്കൊമ്പൻ. 2024 ഡിസംബറിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. തിരുവനന്തപുരത്ത് വച്ചായിരുന്നു ഇത്. പിന്നീട് ഷൂട്ടിംഗ് നിർവച്ചു. ചിത്രീകരണം ഉടൻ പുനരാരംഭിക്കുമെന്നാണ് വിവരം. ഒറ്റക്കൊമ്പൻ ഒരു മാസ് പടമായിരിക്കുമെന്നാണ് ജോണി ആന്റണി നേരത്തെ പറഞ്ഞത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയ്ക്ക് ഒപ്പം ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ബിജു പപ്പൻ, മേഘന രാജ്, ജോണി ആന്‍റണി തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.