വിന്‍റേജ് സിനിമ പോലെ, ഇന്ത്യയുടെ ഉള്ളറിഞ്ഞ് ആസ്വദിച്ച് ശൈഖ് ഹംദാൻ, ദുബൈ കിരീടാവകാശി പങ്കുവെച്ച വീഡിയോ വൈറൽ
ദുബൈ: സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരുള്ള വ്യക്തിയാണ് ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇന്‍സ്റ്റാഗ്രാമില്‍ ശൈഖ് ഹംദാന്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ട് ലക്ഷണക്കണക്കിന് കാഴ്ചക്കാരെ നേടാറുണ്ട്. ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ശൈഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളെല്ലാം വൈറലായിരുന്നു.
മുംബൈ സന്ദര്‍ശിച്ച ഒരു ചിത്രമാണ് ശൈഖ് ഹംദാന്‍ പുതിയതായി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാക്കിയത്. മുംബൈയിലെ ബാന്ദ്രയിലെ പ്രശസ്തമായ പാലി ഭവന്‍ റെസ്റ്റോറന്‍റിന്‍റെ ഭംഗിയും ഇന്‍റീരിയറും വ്യക്തമാകുന്ന ചെറു വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. പരമ്പരാഗത ഇന്ത്യന്‍ തനിമ ഉള്‍ക്കൊണ്ട് കൊണ്ട് ഡിസൈന്‍ ചെയ്ത റെസ്റ്റോറന്‍റിലെ അലങ്കാരവസ്തുക്കളും മറ്റും ഈ വീഡിയോയില്‍ കാണാം. രാജസ്ഥാനി രാജാക്കന്‍മാരുടെ വിന്‍റേജ് ചിത്രങ്ങളും ഇവിടെയുണ്ട്. പ്രദേശത്തെ ചരിത്രം പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള തടികൊണ്ടുള്ള അലങ്കാരപ്പണികളും റെസ്റ്റോറന്‍റിനെ വ്യത്യസ്തമാക്കുന്നു.
ശൈഖ് ഹംദാന്‍റെ സന്ദര്‍ശനത്തിന് പിന്നാലെ ഇദ്ദേഹത്തിന് നന്ദി അറിയിച്ച് പാലി ഭവന്‍ റെസ്റ്റോറന്‍റും തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഈ വീഡിയോ പങ്കുവെച്ചിരുന്നു.
അതേസമയം ഇന്ത്യയിലെത്തിയ ശൈഖ് ഹംദാന് ദില്ലി ഊഷ്മളമായ വരവേൽപ്പായിരുന്നു ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഭിച്ചത്. ഇതിന്റെ ചിത്രങ്ങൾ ശൈഖ് ഹംദാൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. പങ്കുവെക്കപ്പെട്ട ചിത്രങ്ങളിൽ കേരളത്തിന്റെ തനത് മേള വാദ്യമായ ചെണ്ടമേളം ആസ്വദിക്കുന്നതും ഉണ്ടായിരുന്നു. അദ്ദേഹം എത്തിയ വിമാനത്തിന്റെ പശ്ചാത്തലത്തിൽ നാല് മേളക്കാർ ചെണ്ട കൊട്ടുന്നതാണ് ചിത്രം.
ഇന്ത്യയിലെത്തിയ ശൈഖ് ഹംദാൻഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, കായികം എന്നീ മേഖലകളിലുള്ള സഹകരണവും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധവും ചർച്ചയിൽ വിഷയമായി.