വാഹനാപകടത്തിൽ രണ്ടാം ഭർത്താവിന് ചലനശേഷി നഷ്ടമായി, മതം മാറി, പ്ലസ്ടു വിദ്യാർത്ഥിയെ വിവാഹം ചെയ്ത് 30കാരി
അംറോഹ: മൂന്ന് കുട്ടികളുടെ അമ്മയായ 30കാരി മതം മാറിയ ശേഷം പ്ലസ്ടു വിദ്യാർത്ഥിയെ വിവാഹം ചെയ്തു. ഉത്തർ പ്രദേശിലാണ് 30കാരി ഹിന്ദുവിശ്വാസത്തിലേക്ക് മതം മാറിയത്. അംറോഹയിൽ ബുധനാഴ്ചയായിരുന്നു ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശിവാനി എന്ന പേരാണ് ശബ്നം എന്ന 30 കാരി മതം മാറിയതിന് പിന്നാലെ സ്വീകരിച്ചത്. മുൻപ് രണ്ട് തവണ വിവാഹിതയായ ഇവർ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്നാണ് ഹസൻപൂർ സർക്കിൾ ഓഫീസർ ദീപ് കുമാർ പന്ത് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.
ശിവാനി അയല്‍വാസിയായ വിദ്യാര്‍ഥിയുമായി ബന്ധത്തിലായതോടെ രണ്ടാം വിവാഹത്തിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച വിവാഹ മോചനം നേടിയിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. മതംമാറ്റ നിരോധന നിയമം നിലവിലുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. നിര്‍ബന്ധിച്ചോ വഞ്ചിച്ചോയുള്ള മതപരിവര്‍ത്തനത്തിന് വിലക്കുള്ള സംസ്ഥാനത്ത് സംഭവത്തേക്കുറിച്ച് പരിശോധിക്കുകയാണെന്നാണ് പൊലീസ് വിശദമാക്കിയത്. സംഭവത്തിൽ ഔദ്യോഗിക പരാതി ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്.
മീററ്റ് സ്വദേശിയായ യുവാവിനെയാണ് 30കാരി ആദ്യം വിവാഹം ചെയ്തത്. ഇത് വിവാഹ മോചനത്തിൽ അവസാനിച്ചു. പിന്നീട് സൈദാൻവാലിയില്‍ നിന്നുള്ള തൌഫീഖ് എന്ന യുവാവിനെയാണ് എട്ടു വര്‍ഷം മുന്‍പ് പുനര്‍ വിവാഹം ചെയ്തത്. എന്നാൽ 2011ൽ ഒരു അപകടത്തെ തുടര്‍ന്ന് ഇയാള്‍ക്ക് അംഗവൈകല്യം സംഭവിച്ചതോടെയാണ് പ്ലസ്ടു വിദ്യാര്‍ഥിയുമായി യുവതി ബന്ധത്തിലാകുന്നത്. മൂന്ന് മക്കളെ ഇയാള്‍ക്കൊപ്പം ഉപേക്ഷിച്ചാണ് യുവതി പ്ലസ്ടു വിദ്യാര്‍ഥിയെ വിവാഹം ചെയ്തത്.
പ്ലസ്ടു വിദ്യാർത്ഥിയാണെങ്കിലും യുവതി വിവാഹം ചെയ്ത വിദ്യാർത്ഥിക്ക് 18 വയസിന് അടുത്ത് പ്രായമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇരുവരുടെയും ബന്ധം വിവാദമായതിന് പിന്നാലെ കഴിഞ്ഞ ദിവസം പഞ്ചായത്ത് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇരു കുടുംബവുമായി നടത്തിയ ചര്‍ച്ചയില്‍ പ്രായപൂര്‍ത്തിയായതിനാല്‍ യുവതിയുടെ തീരുമാനത്തിന് പഞ്ചായത്ത് പിന്തുണ നല്‍കുകയായിരുന്നു. മകന്‍റെ തീരുമാനത്തെ പിന്തുണയ്ക്കുന്നു എന്നാണ് വിദ്യാര്‍ഥിയുടെ അച്ഛന്‍ ദാദറാം സിങിന്‍റെ പ്രതികരണം. രണ്ടു പേരും സമാധാനത്തോടെ ജീവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും സന്തോഷിക്കുന്നെങ്കില്‍ ഞങ്ങളും സന്തോഷിക്കുന്നുവെന്നാണ് ദാദറാം സിങ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്.