ലിവര്‍പൂള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; സൂപ്പര്‍ താരങ്ങള്‍ ക്ലബുമായുള്ള കരാര്‍ പുതുക്കി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്ക് കുതിക്കുന്ന ലിവര്‍പൂള്‍ ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത. സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലായും വിര്‍ജിന്‍ വാന്‍ഡൈക്കും ക്ലബുമായുള്ള കരാര്‍ പുതുക്കും. പ്രീമിയര്‍ ലീഗില്‍ കിരീടപ്രതീക്ഷയോടെ മുന്നേറുമ്പോഴും സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലായും വിര്‍ജില്‍ വാന്‍ഡൈക്കും അടുത്ത സീസണില്‍ ടീമിനൊപ്പം ഉണ്ടാവില്ലെന്ന ആശങ്കയിലായിരുന്നു ലോകമെമ്പാടുമുളള ലിവര്‍പൂള്‍ ആരാധകര്‍. ഈ സീസണോടെ ലിവര്‍പൂള്‍ വിടുകയാണെന്ന് സലായും സൂചിപ്പിച്ചിരുന്നു. 

എന്നാല്‍ സലായും വാന്‍ഡൈക്കും ആന്‍ഫീല്‍ഡില്‍ തുടരുമെന്നും ലിവര്‍പൂളുമായി പുതിയ കരാറില്‍ ഒപ്പുവയ്ക്കുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പ്രീമിയര്‍ ലീഗിലെ 31 കളിയില്‍ 27 ഗോള്‍ നേടിയ ഈജിപ്ഷ്യന്‍ താരമാണ് സീസണിലെ ടോപ് സ്‌കോറര്‍. 2017ല്‍ ഇറ്റാലിയന്‍ ക്ലബ് റോമയില്‍ നിന്ന് ലിവര്‍പൂളിലെത്തിയ സലാ ക്ലബിനായി 394 മത്സരങ്ങളില്‍ നിന്ന് 243 ഗോള്‍നേടിയിട്ടുണ്ട്. ഇതിനിടെ ചാംപ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗും ഉള്‍പ്പടെ എട്ട് കിരീടങ്ങളും സ്വന്തമാക്കി.

രണ്ടുതവണ ആഫ്രിക്കന്‍ ഫുട്‌ബോളറായ സലാ സൗദിക്ലബുകളുടെ വന്പന്‍ ഓഫറുകള്‍ വേണ്ടെന്നുവച്ചാണ് ലിവര്‍പൂളില്‍ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന ഡച്ച് ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ഡൈക്കും ലിവര്‍പൂളുമായി കരാര്‍പുതുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. 2018 സതാംപ്ടണില്‍ നിന്ന് ലിവര്‍പൂളിലെത്തിയ വാന്‍ഡൈക്ക് ക്ലബിനായി 228 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. കോച്ച് ആര്‍നെ സ്ലോട്ടിന്റെ ആവശ്യപ്രകാരമാണ് സലായെയും വാന്‍ഡൈക്കിനേയും ലിവര്‍പൂള്‍ മാനേജ്‌മെന്റ് സൂപ്പര്‍താരങ്ങളെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. 

ഇരുവര്‍ക്കും രണ്ടുവര്‍ഷത്തെ കരാറാണ് നല്‍കുക. ഇതേസമയം കരാര്‍ പൂര്‍ത്തിയായ ഇംഗ്ലീഷ് ഡിഫന്‍ഡര്‍ ട്രെന്റ് അലക്‌സാണ്ടര്‍ ആര്‍നോള്‍ഡ് ലിവര്‍പൂള്‍ വിടുമെന്ന് ഉറപ്പായി. ഫ്രീ ഏജന്റായി സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള തീരുമാനത്തിലാണ് ആര്‍നോള്‍ഡ്.

By admin