ചെന്നൈ സൂപ്പർ കിംഗ്സിലെ സീനിയർ താരമായ മഹേന്ദ്ര സിംഗ് ധോണി ഇന്നും ടീമിലെ അവിഭാജ്യ ഘടകമാണ്. 43-ാം വയസിലും വിക്കറ്റിന് പിന്നിൽ ധോണി മിന്നുന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ബാറ്റിംഗിൽ പഴയ രീതിയിൽ ഫിനിഷ് ചെയ്യാൻ ധോണിയ്ക്ക് കഴിയുന്നില്ലെങ്കിലും ആരാധകർക്ക് ധോണിയോടുള്ള ഇഷ്ടത്തിന് ഒട്ടും കുറവുണ്ടായിട്ടില്ല. ഇപ്പോൾ ഇതാ താരം വീണ്ടും ചെന്നൈയുടെ നായകനായി തിരിച്ചുവന്നിരിക്കുകയാണ്. എന്നാൽ, ധോണിയെ രണ്ടോ മൂന്നോ മത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് ഒരിക്കൽ രംഗത്തെത്തിയിരുന്നു.
നായകനായിരുന്നപ്പോൾ ‘ക്യാപ്റ്റൻ കൂൾ’ എന്ന വിളിപ്പേര് സ്വന്തമാക്കിയ താരമാണ് ധോണി. കളിക്കളത്തിൽ എത്ര സമ്മർദ്ദമുണ്ടായാലും ഒരു കുലക്കവുമില്ലാതെ ധോണി കൂളായി നിൽക്കാറുണ്ട്. എന്നാൽ, ഒരു ഐപിഎൽ മത്സരത്തിൽ ധോണിയുടെ ആത്മനിയന്ത്രണം നഷ്ടമായിരുന്നു. 2019ൽ ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിനിടെ ധോണി ദേഷ്യം പ്രകടിപ്പിക്കുകയും മൈതാനത്തേക്ക് ഇറങ്ങി അമ്പയർമാരോട് കയർക്കുകയും ചെയ്തിരുന്നു.
അന്ന് ക്യാപ്റ്റനായിരുന്ന ധോണി ചെന്നൈയ്ക്ക് എതിരെ അമ്പർ നോ-ബോൾ നൽകിയതിൽ പ്രകോപിതനായി. തുടർന്ന് മൈതാനത്തിനിറങ്ങിയ ധോണി അമ്പയർമാരുമായി തർക്കിക്കുകയും ചെയ്തു. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് വീരേന്ദർ സെവാഗ് ധോണിയുടെ പ്രവൃത്തിയെ വിമർശിച്ചത്. ധോണിയെ ഐപിഎല്ലിലെ 2-3 മത്സരങ്ങളിൽ നിന്ന് വിലക്കണമെന്നായിരുന്നു സേവാഗിന്റെ നിലപാട്.
“അദ്ദേഹം ഇന്ത്യൻ ടീമിനു വേണ്ടി ഇത് ചെയ്തിരുന്നെങ്കിൽ ഞാൻ സന്തോഷിക്കുമായിരുന്നു. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോൾ അദ്ദേഹം ഇത്രയും ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. ചെന്നൈ ടീമിന്റെ കാര്യത്തിൽ അദ്ദേഹം അൽപ്പം അമിതമായി വികാരാധീനനായി എന്ന് എനിക്ക് തോന്നുന്നു. കുറഞ്ഞത് 2-3 മത്സരങ്ങളിലേക്കെങ്കിലും ധോണിയെ വിലക്കേണ്ടതായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. കാരണം അദ്ദേഹം ഇങ്ങനെ ചെയ്‌താൽ നാളെ മറ്റൊരു ക്യാപ്റ്റനും ഇതുപോലെ തന്നെ പെരുമാറിയേക്കാം. അപ്പോൾ ഒരു അമ്പയറുടെ വില എന്താണ്? അദ്ദേഹം പുറത്ത് നിൽക്കുകയും വാക്കി-ടോക്കി ഉപയോഗിച്ച് നാലാം അമ്പയറുമായി സംസാരിക്കുകയും ചെയ്യണമായിരുന്നു. ഐപിഎൽ ധോണിയ്ക്ക് കുറച്ച് മത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തി മാതൃകയാകണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.” സെവാഗ് 2019ൽ ക്രിക്ക്ബസിനോട് പറഞ്ഞു.
നോ-ബോളിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പമാണ് ധോണിയെ പ്രകോപിതനാക്കിയത്. ബൗളിംഗ് എൻഡിലെ അമ്പയർ നോ-ബോൾ എന്ന് വിളിച്ചു. എന്നാൽ, ലെഗ് അമ്പയർക്ക് ഇക്കാര്യത്തിൽ സംശയമുണ്ടായിരുന്നു. ഒടുവിൽ തേർഡ് അമ്പയർ അത് നോ-ബോൾ ആണെന്ന് വിധിച്ചു. തുടർന്ന് അത് നിയമപരമായ ഡെലിവറിയായാണ് കണക്കാക്കിയത്. സംഭവബഹുലമായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 4 വിക്കറ്റിന് വിജയിക്കുകയും ചെയ്തു.
READ MORE: ചെന്നൈയെ ഇനി ധോണി നയിക്കും; വീണ്ടും നായകനായി ‘തല’; ഗെയ്ക്വാദിന് സീസൺ നഷ്ടമാകും