യുവതികളെ ‘വാങ്ങുന്നത്’ ഏജന്റുമാരിൽ നിന്ന്, നിറവും ഉയരവും അനുസരിച്ച് വില, 5 ലക്ഷം വരെ ലഭിക്കും; ഒടുവിൽ പിടിയിൽ

ജയ്പൂർ: എൻ‌ജി‌ഒയുടെ മറവിൽ പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റ് രാജസ്ഥാനിൽ പിടിയിൽ. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളെ സമൂഹ വിവാഹം കഴിപ്പിക്കുന്നുവെന്ന വ്യാജേനയാണ് എൻജിഒ പ്രവർത്തിക്കുന്നത്. ഒരു സ്ത്രീയാണ് സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബങ്ങളിൽ നിന്നുള്ള യുവതികളെ ഇത്തരത്തിൽ കെണിയിൽ പെടുത്തിയിരുന്നത്. ​ഗായത്രി വിശ്വകർമ്മ എന്നു പേരുള്ള ഇവർ തന്നെയായിരുന്നു ഈ വ്യാജ എൻജിഒ നടത്തിയിരുന്നതും. ഏജന്റുമാരിൽ നിന്ന് പെൺകുട്ടികളെ ‘വാങ്ങി’ വധുവിനെ അന്വേഷിക്കുന്ന യുവാക്കൾക്ക്  2.5-5 ലക്ഷം രൂപ വരെയുള്ള വിലക്ക് ‘വിൽക്കുമായിരുന്നു’ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

ജയ്പൂരിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ബസ്സിയിലെ സുജൻപുരയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.ഗായത്രി സർവ സമാജ് ഫൗണ്ടേഷൻ എന്നാണ് വ്യാജ എൻജിഒയുടെ പേര്. ഇവർ സ്ഥിരമായി സമൂഹ വിവാഹങ്ങൾ സംഘടിപ്പിക്കുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ ഏജന്റുമാ‍ർ ‘വാങ്ങി’ ‘എൻ‌ജി‌ഒ’യുടെ ഡയറക്ടർ ഗായത്രി വിശ്വകർമയ്ക്ക് ‘വിൽക്കുമായിരുന്നു. ഗായത്രി ഈ പെൺകുട്ടികളെ 2.5-5 ലക്ഷം രൂപയ്ക്ക് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് മറിച്ചു ‘വിൽക്കുമായിരുന്നു’ എന്ന് ബസ്സി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് അഭിജിത് പാട്ടീൽ പറഞ്ഞു. 

പെൺകുട്ടികളുടെ നിറം, ഉയരം, പ്രായം എന്നിവ അനുസരിച്ചാണ് ‘വില’ തീരുമാനിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് 18 വയസ്സിന് മുകളിലാണെന്ന് കാണിക്കാൻ ഗായത്രി വ്യാജ ആധാർ കാർഡുകൾ തയ്യാറാക്കി കൊടുക്കുമായിരുന്നു. ഏകദേശം 1,500 വിവാഹങ്ങൾ ഇതുവരെ അവർ നടത്തിക്കൊടുത്തിട്ടുണ്ടെന്നും പത്തോളം കേസുകളും ഇവ‌ർക്കെതിരെ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഉത്തർപ്രദേശുകാരിയായ 16 വയസ്സുള്ള ഒരു പെൺകുട്ടി ഞായറാഴ്ച ഇവിടെ നിന്ന് രക്ഷപ്പെട്ട് പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, പൊലീസ് സ്ഥാപനം റെയ്ഡ് ചെയ്തു. ഇതോടെ ഗായത്രി, കൂട്ടാളി ഹനുമാൻ, ഭഗവാൻ ദാസ്, മഹേന്ദ്ര എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

24 ലക്ഷം രൂപയടങ്ങിയ ബാ​ഗ് വിമാനത്താവളത്തിൽ മറന്നുവെച്ചു, വെറും 30 മിനിറ്റ്, ബാ​ഗ് കണ്ടെത്തി ദുബൈ പോലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin