മെട്രോ യാത്രയ്ക്കിടെ മദ്യപാനവും മുട്ട തീറ്റയും; പിടികൂടിയപ്പോൾ കുടിച്ചത് ആപ്പീ ഫിസെന്ന്, വീഡിയോ വൈറൽ
ദില്ലി മെട്രോ കോച്ചിനുള്ളിൽ യാത്രക്കിടയിൽ മദ്യപിച്ചയാൾ അറസ്റ്റിൽ. മെട്രോ കോച്ചിനുള്ളിലിരുന്ന് ഇയാൾ മദ്യവും പുഴുങ്ങിയ മുട്ടയും കഴിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്നാണ് ദില്ലി പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ ആയതോടെ വലിയ ജനരോക്ഷമാണ് ഇയാളുടെ പ്രവർത്തിക്കെതിരെ സമൂഹ മാധ്യമത്തില്‍ ഉയരുന്നത്. പൊതു ഗതാഗത സംവിധാനങ്ങളിൽ ഇത്തരത്തിലുള്ള പ്രവർത്തി ചെയ്യുന്നവരെ സാമൂഹിക വിരുദ്ധരായി മാത്രമേ കണക്കാക്കാൻ കഴിയൂവെന്നും ഇത്തരക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയതിനെ തുടർന്ന് ഇയാൾക്കെതിരെ യമുന ബാങ്ക് മെട്രോ ഡിപ്പോയിലാണ് യാത്രക്കാരിൽ ചിലർ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ദില്ലി മെട്രോ അധികൃതർ പോലീസിന് വിവരം കൈമാറുകയും പിന്നീട് ബുരാരിയിൽ നിന്ന് ആളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു, ചോദ്യം ചെയ്യലിൽ, വീഡിയോയിൽ ഉള്ള വ്യക്തി താനാണെന്ന് പ്രതി സമ്മതിച്ചെങ്കിലും കുടിച്ചത് മദ്യം അല്ലെന്നും സോഫ്റ്റ് ഡ്രിങ്കായ ആപ്പി ഫിസ് ആണെന്നും ഇയാൾ അവകാശപ്പെട്ടു.
Watch Video: ‘ഉറക്കമാ… ഉറക്കമാ…’; ക്ലാസില്‍ ഇരുന്ന് ഉറങ്ങുന്ന ടീച്ചറുടെ വീഡിയോ വൈറൽ
Eggs & “Alcohol” in the Metro? That’s not breakfast – that’s a Breach !!
Break the rules, Face the consequences, Rules aren’t suggestions: They’re the law.#DPUpdates pic.twitter.com/CP2P5fDFiW
— Delhi Police (@DelhiPolice) April 9, 2025
എന്നാൽ ഇയാളുടെ പ്രവർത്തികൾ മെട്രോ ചട്ടങ്ങൾ ലംഘിച്ചതിനാൽ ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) നിയമത്തിലെ സെക്ഷൻ 59 പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വീഡിയോ ദൃശ്യങ്ങളിൽ ഇയാൾ തന്‍റെ ബാഗിൽ നിന്ന് ആദ്യം ഒരു പുഴുങ്ങിയ മുട്ടയെടുത്ത് മെട്രോ കോച്ചിന്‍റെ കൈപ്പിടിയിൽ ഇടിച്ച് മുട്ടത്തോട് പൊട്ടിച്ച് കഴിക്കുന്നതും തുടർന്ന് മദ്യം എടുത്ത് കുടിക്കുന്നതും കാണാം. ഇയാളുടെ പ്രവർത്തികൾ സഹയാത്രക്കാർ അസ്വസ്ഥതയോടെ വീക്ഷിക്കുന്നതും വീഡിയോയിൽ കാണാം. ഡിഎംആർസി ഇയാൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നത് ഉൾപ്പെടെയുള്ള അഭിപ്രായ പ്രകടനങ്ങളാണ് വീഡിയോ കണ്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
Read More: 24 കാരിയായ ഭാര്യയെ കൊലപ്പെടുത്തിയത് കാമുകന്മാരില്‍ ഒരാളെന്ന് ഭര്‍ത്താവ്; പിന്നാലെ അറസ്റ്റ്