മുഷിഞ്ഞ വേഷത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് അലഞ്ഞ് തിരിഞ്ഞ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി

തൃശൂർ: ഗുരുവായൂർ റെയിവേ സ്റ്റേഷൻ പരിസരത്ത് ദിവസങ്ങളായി  അലഞ്ഞുതിരിഞ്ഞിരുന്ന യുവാവിനെ നാട്ടുകാരുടെയും പൊലീസിൻ്റേയും  ജീവകാരുണ്യ പ്രവർത്തകൻ സി.എൽ. ജേക്കബിൻ്റേയും സഹായത്തോടെ മാനസിക വെല്ലുവിളി നേരിടുന്നവർക്കായുള്ള ആശുപത്രിയിലേക്ക് മാറ്റി. 20 വയസ്സ് തോന്നിക്കുന്ന യുവാവാണ് മുഷിഞ്ഞ വേഷ ധാരിയായി ഒരാഴ്ചയിലധികമായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് അലഞ്ഞ് തിരിഞ്ഞിരുന്നത്. 

ചോദ്യങ്ങൾക്ക് മറുപടി പറയാതെ മൂകമായിരിക്കുന്ന യുവാവ് ഇതര സംസ്ഥാനക്കാനാണെന്നാണ് പ്രാഥമിക വിവരം. നാട്ടുകാർ ഭക്ഷണവും വെള്ളവും നൽകാറുണ്ടെങ്കിലും ഇത് ഇയാൾ കഴിക്കാറില്ല. ട്രെയിൻ മാർഗ്ഗം എത്തിപ്പെട്ടതാകാമെന്നാണ് കരുതുന്നത്. കൗൺസിലർ കെ.പി. ഉദയൻ വിവരമറിയിച്ചത് അനുസരിച്ച് ടെമ്പിൾ എസ്.ഐ. പി.കെ. മുകുന്ദന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. 

ഇമ്മാനുവേൽ ജീവകാരുണ്യ സമിതി ഡയറക്ടർ സി.എൽ. ജേക്കബ്ബ് യുവാവിന്റെ മുടി വെട്ടി കുളിപ്പിച്ചു വൃത്തിയുള്ള വസ്ത്രം ധരിപ്പിച്ചു. പിന്നീട് നിയമനടപടികൾ പൂർത്തീകരിച്ച് തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. കെ.പി. യദുകൃഷ്ണൻ , വിഷ്ണു സുരേന്ദ്രൻ , കെ.പി. അതുൽ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin