മര്‍ദനം സഹിക്കാതെ വന്നപ്പോൾ പരാതി നൽകി, റിമാന്‍റിലായപ്പോൾ ജാമ്യത്തിലിറക്കി; പുറത്തിറങ്ങിയ യുവാവ് തൂങ്ങി
അരൂർ: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. എഴുപുന്ന സ്വദേശി സുദീപ് (38) ആണ് മരിച്ചത്. ഭാര്യ നല്‍കിയ പരാതിയിലാണ് സുദീപ് അറസ്റ്റിലായത്. സുദീപിന്‍റെ മർദനം സഹിക്കാതെ വന്നപ്പോൾ ഭാര്യ നസിയ അരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടന്നതിനിടെയാണ് ആത്മഹത്യ.
കോടതി നിര്‍ദേശം അനുസരിച്ച് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് വാറണ്ട് പുറപ്പെട്ടുവിക്കുകയും അതനുസരിച്ച് ഇയാളെ പൊലീസ് പിടികൂടി ചേർത്തല കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. കോടതി റിമാന്‍റ് ചെയ്ത ഇയാളെ കഴിഞ്ഞ ദിവസമാണ് ഭാര്യയും മാതവും ചേർന്ന് ജാമ്യത്തിലിറക്കിയത്. ഭാര്യയും ഭർത്താവും രണ്ട് സ്ഥലത്താണ് കിടന്നുറങ്ങിയിരുന്നത്. നേരം പുലർന്നിട്ടും സുദീപ് വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സുദീപിനും നസിയക്കും ഒരു മകനാണ് ഉള്ളത്. സംസ്ക്കാരം നാളെ ഉച്ചക്ക് നടക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Read More:ശബരിമല ശ്രീകോവിലിൽ പൂജിച്ച സ്വർണ്ണ ലോക്കറ്റുകൾ വിഷുദിനം മുതൽ; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു