മരണമാസ്, ബേസിലിന്‍റെ സംഘത്തിന്‍റെയും ചിരി മാസ്സ് പടം – റിവ്യൂ

ബേസില്‍ ജോസഫ് നായകനായി നവഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് മരണമാസ്. ട്രെയിലര്‍ ഇറങ്ങിയത് മുതല്‍ ഒരു കോമ‍ഡി പടം എന്ന നിലയില്‍ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രം ആ ട്രാക്കില്‍ തന്നെ പിടിച്ച് തീയറ്ററിലും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. പുതിയ തലമുറയെ കയ്യിലെടുക്കാന്‍ കഴിയുന്ന രീതിയിലുള്ള തമാശയും വളരെ കണക്ടായ തിരക്കഥയും ചിത്രത്തിന് പുതുമ നല്‍കുന്നുണ്ട്. 

മലയാളത്തില്‍ തുടര്‍ച്ചയായി വിജയം നേടുന്ന നായകന്‍ എന്ന സ്ഥാനം ബേസില്‍ ജോസഫിന് ഉറപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു എന്‍റര്‍ടെയ്മെന്‍റാണ് മരണമാസ് എങ്കിലും, ബേസിലിന്‍റെ മാത്രം പടമായി വിലയിരുത്തല്‍ ഒരിക്കലും ശരിയല്ല സിനിമയിലെ ഒരോ തരങ്ങള്‍ക്കും. എന്തിന് ശവത്തിന് പോലും അഭിനയിക്കാന്‍ സ്പേസ് കൊടുക്കുന്ന പാക്ക്ഡായ എഴുത്താണ് ചിത്രത്തിന്‍റെ രസകൂട്ട് എന്ന് പറയാം. 

എന്തായാലും ഇതില്‍ കൈയ്യടി ലഭിക്കേണ്ടത് ചിത്രത്തില്‍ പ്രധാന വേഷവും ചിത്രത്തിന്‍റെ കഥയും എഴുതിയ നടൻ സിജു സണ്ണിക്കാണ്.  ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. 

നാട്ടില്‍ ഒരു സീരിയല്‍ കില്ലര്‍ ഭീതി പടര്‍ത്തുകയാണ്. മുതിര്‍ന്നവരെ മാത്രമാണ് കില്ലര്‍ കൊലപ്പെടുത്തുന്നത്. ശിശുക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥന്‍ എസ്കെയാണ് ഈ സീരിയല്‍ കില്ലര്‍ എന്ന് ആദ്യം തന്നെ പ്രേക്ഷകന് വെളിവാക്കി തരും. എന്നാല്‍ ഒരു രാത്രിയില്‍ ‘വീണപ്പൂവ്’ എന്ന റൂട്ട് ബസില്‍ ഈ സീരിയല്‍ കില്ലറും ഒരു കൂട്ടപ്പേരും ഒരു പ്രത്യേക സാഹചര്യത്തില്‍ കുടങ്ങുന്നു. 

ഇതിലേക്കുള്ള സഹചര്യമാണ് ആദ്യത്തെ ചിത്രത്തിന്‍റെ അരമണിക്കൂര്‍ എന്ന് പറയാം. പിന്നീട് ചിരിയും ഇമോഷനും എല്ലാം ചേര്‍ത്ത ഫണ്‍ റൈഡാണ് ചിത്രം. അത്തരം ഒരു ഫണ്‍ മൂ‍ഡ് സ്പൂഫ് അവസ്ഥ ചിത്രത്തിലുടനീളം നിലനിര്‍ത്താന്‍ സംവിധായകന്‍ ശിവപ്രസാദിന് കഴിയുന്നുണ്ട്. 

അഭിനേതാക്കള്‍ ബേസില്‍ ജെന്‍സി കലിപ്പന്‍ റോളില്‍ തന്‍റെ ഭാഗം ഗംഭീരമാക്കുന്നുണ്ട്. ഒരു ഇമോഷണല്‍ സൈഡുള്ള വേഷത്തില്‍ സിജു സണ്ണിയും മികച്ച രീതിയില്‍ ഗംഭീരമാക്കുന്നുണ്ട്. സുരേഷ് കൃഷ്ണ വ്യത്യസ്ഥമായ രീതിയിലാണ് തന്‍റെ ബസ് ഡ്രൈവറായ വേഷം അവതരിപ്പിക്കുന്നത്. സീരിയല്‍ കില്ലറായി എത്തുന്ന രജേഷ് മാധവന്‍റെ എസ്.കെ ചിത്രത്തിലുടനീളം ഗംഭീരമായ പ്രകടനമാണ് നടത്തുന്നത്. അനിഷ്‌മ അനിൽകുമാർ തന്‍റെ വേഷം നന്നായി തന്നെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നുണ്ട്. ബാബു ആന്‍റണിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ് തുടങ്ങിയ സാങ്കേതിക പ്രവര്‍ത്തകരും അവരുടെ റോളുകള്‍ മനോഹരമാക്കിയിട്ടുണ്ട്. 

സമീപകാലത്ത് നാം മറന്ന സോഷ്യോ പൊളിറ്റിക്കല്‍ ഈവന്‍റുകള്‍ ഈസ്റ്റര്‍ എഗ്ഗുകള്‍ പോലെ വരുന്ന ഒരു രീതിയിലാണ് ചിത്രം. ഒപ്പം പ്രമുഖമായ പല ഇന്‍ഫ്യൂവെന്‍സര്‍ രീതികളും പടത്തിലുണ്ട്. അതിനാല്‍ തന്നെ എല്ലാതരം പ്രേക്ഷകരെയും ആകര്‍ഷിക്കാനുള്ള ഒരു ചിരി മാസ് പടം തന്നെയാണ് ഈ വിഷുക്കാലത്ത് മരണമാസ്. 

ചിരി ഇനി ‘മരണ മാസ്’: അടുത്ത ഹിറ്റടിക്കാന്‍ ബേസില്‍ ടീസര്‍ പുറത്തിറങ്ങി

ട്രാൻസ്ജെൻഡർ സീൻ: ‘മരണമാസ്സിൽ’ കട്ട്; സൗദിയിൽ വിലക്ക്, കുവൈറ്റിൽ റീ എഡിറ്റ്

By admin