മങ്ങിയ വെള്ളവസ്ത്രങ്ങൾ വെട്ടിത്തിളങ്ങും; ഇത്രയേ ചെയ്യാനുള്ളൂ

വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് അനുസരിച്ച് പഴക്കം വന്നുകൊണ്ടേയിരിക്കും. എത്ര പുതിയ വസ്ത്രമാണെങ്കിലും കഴുകുമ്പോൾ നിറം മങ്ങുകയോ തിളക്കം നഷ്ടപ്പെടുകയോ ചെയ്യാം. വെള്ള വസ്ത്രങ്ങളാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇതിൽ അഴുക്കും കറയും പറ്റിയാൽ പിന്നെ കഴുകിയാൽ പോലും വൃത്തിയാവുകയുമില്ല. നിങ്ങളുടെ മങ്ങിയ വെള്ള വസ്ത്രങ്ങൾ പുത്തനാക്കാൻ ഇതാ ചില പൊടിക്കൈകൾ.

ബേക്കിംഗ് സോഡയും വിനാഗിരിയും 

ബക്കറ്റിൽ ആവശ്യമായ വെള്ളമെടുത്തതിന് ശേഷം അതിലേക്ക് ഒരു ടേബിൾസ്പൂൺ ബേക്കിംഗ് സോഡയും അര സ്പൂൺ വിനാഗിരിയും ചേർത്തുകൊടുക്കാം. വിനാഗിരിക്ക് പകരം നാരങ്ങ നീരും ഉപയോഗിക്കാനാവും. ശേഷം ഇതിലേക്ക് ഷാംപൂ അല്ലെങ്കിൽ സോപ്പ് പൊടി കൂടെ ചേർത്ത് പതച്ചതിന് ശേഷം വസ്ത്രം വെള്ളത്തിൽ മുക്കിവയ്ക്കണം. ഇത് മങ്ങിയ വസ്ത്രത്തെ പുതിയതാക്കി മാറ്റുന്നു. 

പാൽ ഉപയോഗിച്ചും കഴുകാം 

ബേക്കിംഗ് സോഡ ചേർത്ത വെള്ളത്തിലേക്ക് കുറച്ച് പാൽ കൂടെ ഒഴിച്ചുകൊടുത്താൽ വസ്ത്രങ്ങൾ നന്നായി തിളങ്ങും. ബേക്കിംഗ് സോഡയും പാലും ചേർത്ത വെള്ളത്തിലേക്ക് അര മണിക്കൂർ വസ്ത്രങ്ങൾ മുക്കിവയ്ക്കണം ശേഷം നന്നായി കഴുകിയെടുക്കാം. 

കഴുകുമ്പോൾ ശ്രദ്ധിക്കാം 

മറ്റുള്ള വസ്ത്രങ്ങളോടൊപ്പം വെള്ള വസ്ത്രങ്ങൾ കഴുകാൻ പാടില്ല. കാരണം മറ്റ് വസ്ത്രങ്ങൾക്കൊപ്പം കഴുകിയാൽ വെള്ള വസ്ത്രങ്ങൾ മങ്ങിപോകാൻ സാധ്യതയുണ്ട്. 

കറകൾ വൃത്തിയാക്കാം 

വസ്ത്രത്തിൽ കറയുണ്ടെങ്കിൽ അത് വൃത്തിയാക്കിയതിന് ശേഷം മാത്രമേ വെള്ളത്തിലേക്ക് വസ്ത്രങ്ങൾ ഇടാൻ പാടുള്ളു. ആദ്യം കറ കളഞ്ഞില്ലെങ്കിൽ ഇത് മറ്റുള്ള വസ്ത്രങ്ങളിലും പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. വസ്ത്രത്തിൽ കറ പൂർണമായും പോവുകയുമില്ല.  

വാഷിംഗ് മെഷീനിൽ കഴുകുമ്പോൾ ശ്രദ്ധിക്കണം 

വെള്ള വസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ കഴുകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ കഴുകിയില്ലെങ്കിൽ ഇവ പെട്ടെന്ന് മങ്ങിപോകാൻ കാരണമാകും. അതിനാൽ തന്നെ വെള്ള വസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ കഴുകുമ്പോഴും പ്രത്യേകം അലക്കാൻ ശ്രദ്ധിക്കണം.

അടുക്കളയിൽ ഉറുമ്പിനെ തുരത്താനുള്ള പൊടിക്കൈകൾ ഇതാ  

By admin