പ്രത്യേക പൊലീസ് സംഘത്തിൻ്റെ അകമ്പടി, അർധസൈനികരുടെ സുരക്ഷ വിന്യാസം; തഹാവൂർ റാണയെ എത്തിക്കുക കർശന സുരക്ഷയിൽ

ദില്ലി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി, പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ എൻഐഎ ആസ്ഥാനത്ത് എത്തിക്കുക കർശന സുരക്ഷയിൽ. ദില്ലി പൊലീസിൻ്റെ പ്രത്യേക സംഘത്തിൻ്റെ അകമ്പടിയിലാണ് റാണയെ കൊണ്ടുവരുന്നത്. റാണയെ കൊണ്ടുവരുന്ന വിമാനത്തിൻ്റെ റൂട്ട് കേന്ദ്ര സർക്കാരിലെ ഉന്നത വൃത്തങ്ങൾ വിലയിരുത്തി. തഹാവൂർ റാണയെ കൊണ്ടുവരുന്ന റൂട്ടിലടക്കം അർധസൈനികരുടെ സുരക്ഷ വിന്യാസവും ഒരുക്കിയിട്ടുണ്ട്. 

വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കനത്ത സുരക്ഷയിലാണ് യുഎസിൽ നിന്ന് തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിക്കുക. എൻഐഎയിലെ ഐജി, ഡിഐജി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം റാണയെ കൊണ്ടുവരുന്നത്. ഭീകരരെ ഉപയോഗിച്ച് പാകിസ്ഥാൻ ഇന്ത്യക്കെതിരെ നടത്തുന്ന നീക്കങ്ങൾക്ക് തഹാവൂർ റാണയിലൂടെ തെളിവ് ശേഖരിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസികൾ. പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ നടത്തിയ പല നീക്കങ്ങളും നേരിട്ടറിയാവുന്ന തഹാവൂർ റാണയിൽ നിന്ന് ഇക്കാര്യം ശേഖരിക്കാനാകും കേന്ദ്ര ഏജൻസികളുടെ നീക്കം.

ആരാണ് തഹാവൂർ റാണ?

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ 2008 നവംബർ 26 നാണ് ഭീകര ആക്രമണത്തിൽ നടുങ്ങിയത്. 60 മണിക്കൂറുകളോളം നീണ്ട ഈ ആക്രമണം രാജ്യത്തെ നടുക്കി. ആ ആക്രമണത്തിന്റെ ബുദ്ധി കേന്ദ്രങ്ങളിൽ പ്രധാനിയാണ് ഇപ്പോൾ ഇന്ത്യയ്ക്ക് വിട്ടു കിട്ടിയിരിക്കുന്ന തഹാവൂർ റാണ. തഹാവൂർ റാണ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ അടുത്ത അനുയായിയാണ് ഇയാള്‍. പാക്ക് വംശജനും കനേഡിയൻ വ്യവസായിയുമായ റാണയ്ക്ക് ലഷ്കർ അടക്കം ഭീകര സംഘങ്ങളുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ആക്രമണ സ്ഥാനങ്ങൾ കണ്ടെത്താനും വിസ സംഘടിപ്പിച്ച് നൽകിയതിം റാണയുടെ സ്ഥാപനമാണ്. റാണ 2009ൽ ഷിക്കാഗോയിൽ അറസ്റ്റിലായി. ഇന്ത്യയുടെ വാദം അംഗീകരിച്ച് റാണയെ കൈമാറാൻ യുഎസ് 2023 ൽ തീരുമാനിച്ചു.ഇതിനെതിരെ യുഎസിലെ വിവിധ കോടതികളിൽ റാണ നൽകിയ അപ്പീലുകൾ തള്ളി. റാണയെ ഇന്ത്യയ്ക്ക് വിട്ടു നൽകാൻ കഴിഞ്ഞ ജനുവരി 25ന് യുഎസ് സുപ്രീം കോടതി അനുമതി നൽകി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin